പോലീസ് കമ്മീഷണറുടെ അഡ്വൈസറി ബോര്‍ഡില്‍ മലയാളികള്‍ക്കു നിയമനം
Monday, May 2, 2016 6:29 AM IST
ഫിലഡല്‍ഫിയ: പോലീസ് കമ്മീഷണറുടെ ഏഷ്യന്‍ അഡ്വൈസറി കൌണ്‍സിലില്‍ മലയാളികള്‍ക്ക് നിയമനം. ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് യുഎസ് ഡയറക്ടര്‍മാരായ അലക്സ് തോമസ്, ജോബി ജോര്‍ജ് എന്നിവരെ കൂടാതെ പ്രമുഖ അറ്റോര്‍ണിയായ ജോസ് കുന്നേല്‍, ബിസിനസ് ഉടമയായ സജി കരിങ്കുറ്റി എന്നിവര്‍ക്കാണു നിയമനം ലഭിച്ചത്.

ഏഷ്യന്‍ ഫെഡറേഷന്‍ കഴിഞ്ഞ 16 വര്‍ഷമായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ നേതാക്കളുടെ കേന്ദ്ര സംഘടനയാണ്. കൊറിയ, ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്നാം, തായ്ലന്‍ഡ്, ഇന്തോനേഷ്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു.

2008 മുതല്‍ പോലീസ് കമ്മീഷനറുടെ അഡ്വൈസറി ബോര്‍ഡിലും ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ അഡ്വൈസറി ബോര്‍ഡിലും അംഗങ്ങളാണ് അലക്സ് തോമസും ജോബി ജോര്‍ജും.

ഏഷ്യന്‍ ഫെഡറേഷന്‍ പോലീസ് വകുപ്പുമായി ചേര്‍ന്നു വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ദശാബ്ദത്തിലധികമായി ചെയ്തു വരുന്നു. ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കമ്മീഷണറുടെ ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്നപരിഹാരത്തിനും പ്രവര്‍ത്തിച്ചു വരുന്നു.

അലക്സ് തോമസ് പമ്പ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളഫോറം മുന്‍ ചെയര്‍മാന്‍, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റോസ് മാര്‍ത്തോമ്മ പള്ളി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഗവര്‍ണറുടെ സാമൂഹ്യ സേവനത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പോലീസ് കമ്മീഷണര്‍, മേയര്‍ എന്നിവരില്‍നിന്നു സാമൂഹ്യ സേവന അവാര്‍ഡ് നേടിയിട്ടുള്ള ജോബി ജോര്‍ജ്, ട്രൈസ്റേറ്റ് കേരള ഫോറം മുന്‍ചെയര്‍മാന്‍, കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രല്‍ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ളബ് ഫിലഡല്‍ഫിയ പ്രസിഡന്റ്, സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ബില്‍ഡിംഗ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഐഎന്‍ഒസി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

കേരള ദേശീയ പ്രസിഡന്റ് ജോസ് കുന്നേല്‍, കാല്‍ നൂറ്റാണ്ടിലധികം സിനിമാരംഗത്ത് സജീവമാണ്. അഅഅആജ പ്രസിഡന്റായിരുന്നു. ഏഷ്യന്‍ അമേരിക്കന്‍ ബിസിനസ് പ്രഫഷണല്‍ അസോസിയേഷന്‍, ഐഎന്‍ഒസി കേരള ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൌണ്‍സില്‍, ബില്‍ഡിംഗ് കമ്മിറ്റി മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സജി കരിങ്കുറ്റി ബിസിനസ് രംഗത്ത് സജീവമാണ്. ഫില്‍മ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഐഎന്‍ഒസി കേരള പെന്‍സില്‍വേനിയ വൈസ് പ്രസിഡന്റ്, ട്രൈസ്റേറ്റ് കേരള ഫോറം മുന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏപ്രില്‍ 22നു സിയോള്‍ റാമ്പോ റസ്ററന്റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പോലീസ് കമ്മീഷണര്‍ റിച്ചാര്‍ഡ് റോസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സമൂഹങ്ങളില്‍ നിന്നായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍