എംഎസ് ബില്‍ഡിംഗില്‍ അഗ്നിബാധ
Monday, May 2, 2016 6:17 AM IST
ബംഗളൂരു: അണ്ടര്‍ സെക്രട്ടറി, റവന്യൂ വകുപ്പ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന എംഎസ് ബില്‍ഡിംഗില്‍ അഗ്നിബാധ. ഇന്നലെ രാവിലെ 7.50 ഓടെയാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ തീപിടിത്തമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങളാണ് അഗ്നിബാധ ആദ്യം അറിഞ്ഞത്. തുടര്‍ന്ന് രണ്ട് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ ഇരുപതിലേറെ അഗ്നിശമനസേനാംഗങ്ങള്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലെ കംപ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു. തീപിടിത്തത്തിലെ നാശനഷ്ടം കണക്കാക്കി വരികയാണ്.