ജിതേന്ദ്രര്‍ സിംഗിന് 17 വര്‍ഷം ജയില്‍ ശിക്ഷ
Saturday, April 30, 2016 4:31 AM IST
മക്കിനി (ടെക്സസ്): ഇന്ത്യന്‍ യുവതിയെ ഒരു ദശാബ്ദക്കാലം ശല്യം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ഒടുവില്‍ പ്ളാനോയിലുളള അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി പാസ്പോര്‍ട്ട്, സ്വര്‍ണാഭരണം, ക്രെഡിറ്റ് കാര്‍ഡ് എന്നിവ മോഷ്ടിക്കുകയും ചെയ്ത ഇന്ത്യന്‍ യുവാവ് ജിതേന്ദര്‍ സിംഗിനെ(32) ടെക്സസ് ജൂറി 17 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു.

യുവതിയും ശിക്ഷിക്കപ്പെട്ട യുവാവും ഡല്‍ഹിയിലെ കോളേജില്‍ സഹപാഠികളായിരുന്നു. 2006ല്‍ ജിതേന്ദര്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന യുവതി തളളി. ഇതേ തുടര്‍ന്ന് യുവതിയുടെ പിതാവിനെ ഇന്ത്യയില്‍ വെച്ചു മര്‍ദ്ദിക്കുകയും ഇന്ത്യന്‍ പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.2007ല്‍ യുവതി ന്യൂയോര്‍ക്കില്‍ വിദ്യാഭ്യാസം തുടരുന്നതിനു എത്തിച്ചേര്‍ന്നെങ്കിലും ഇവിടെയും ഇവരെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് സിംഗ് ആവര്‍ത്തിച്ചു.

ജിതേന്ദറിന്റെ ശല്യം സഹിക്കാതെ യുവതി ടെക്സസിലെ പ്ളാനോയിലേക്ക് 2014ല്‍ താമസം മാറ്റി. ടെക്സസിലെ പ്ളാനോയില്‍ എത്തി യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ലോക് സ്മിത്തിനെ തെറ്റിദ്ധരിപ്പിച്ചു തുറന്നാണു ജിതേന്ദര്‍ മോഷണം നടത്തിയത്. സംശയം തോന്നിയ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി സിങ്ങിനെ അറസ്റ് ചെയ്തു.

2011 മുതല്‍ 2014 വരെ ഫോണിലൂടെയും മറ്റ് ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടേയും യുവതിയെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി ജൂറി കണ്െടത്തി. പതിനേഴു വര്‍ഷത്തെ തടവിന് പുറമെ 4000 ഡോളര്‍ ഫൈന്‍ അടക്കുന്നതിനും ജൂറി വിധിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍