കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ഥാടനം
Thursday, April 28, 2016 8:37 AM IST
ന്യൂജേഴ്സി: എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ സ്പര്‍ശിക്കണം, സകലരും ദൈവികകാരുണ്യം സ്വീകരിക്കാന്‍ ഇടയാവണം എന്ന ഉദ്ദേശ്യത്തോടെ ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ച കാരുണ്യത്തിന്റെ ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ അമ്പതോളം കുടുംബാംഗങ്ങള്‍ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ഥാടനം നടത്തുന്നു.

ഓഗസ്റ് 23നു ആരംഭിച്ച് സെപ്റ്റംബര്‍ അഞ്ചിനു അവസാനിക്കുന്ന മെജുഗോറിയ തീര്‍ഥാടനത്തിനു വികാരി ഫാ. തോമസ് കടുകപ്പിള്ളി നേതൃത്വം നല്‍കുന്നു.

പടിഞ്ഞാറന്‍ ബോസ്നിയ ഹെര്‍സെഗോവിനായിലെ മോസ്റാര്‍ പ്രവിശ്യയില്‍ ക്രൊയേഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു പട്ടണമായ മെജുഗോറിയയില്‍ പ്രാദേശികരായ ആറു കത്തോലിക്കാ കുട്ടികള്‍ക്ക് (മിര്‍ജാന, മരീജ, വിക്കാ, ഇവാന്‍, ഇവാങ്കാ, ജക്കോവ്) പരിശുദ്ധ മാതാവിന്റെ ദര്‍ശനം കിട്ടിയസ്ഥലത്താണ് ആദ്യ സന്ദര്‍ശനം.

പിന്നീട് പോളണ്ടിലെ ക്രാക്കോയിലെ ദൈവകാരുണ്യത്തിന്റെ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫോസ്തിന കൊവാള്‍സ്കയുടെ നാമത്തിലുള്ള സ്വര്‍ഗീയ കരുണ്യത്തിന്റെ ബസിലിക്ക. ജീവിത കാലത്തിലുടനീളം ഈശോയുടെ ദര്‍ശനങ്ങള്‍ ലഭിച്ചിരുന്ന ഈ വിശുദ്ധ ഈശോയുമായുള്ള സംഭാഷണങ്ങള്‍ ഡയറിയില്‍ കുറിച്ച് വച്ചിരുന്നത് പില്‍ക്കാലത്ത് 'ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ കരുണക്കായി പ്രാര്‍ഥിക്കുക, ക്രിസ്തുവിന്റെ അനന്തമായ കരുണയില്‍ വിശ്വസിക്കുക, മറ്റുള്ളവരിലേക്ക് ദൈവകാരുണ്യം ഒഴുകുന്നതിനുള്ള ചാലകം ആയി പ്രവര്‍ത്തിക്കാന്‍ ഉതകുംവിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപഴകുക എന്നീ മൂന്നു കാര്യങ്ങളാണ് വിശുദ്ധ പ്രചരിപ്പിച്ച ദൈവകാരുണ്യ ഭക്തിയുടെ അടിസ്ഥാനം. 1993 ഏപ്രില്‍ 18ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫോസ്തിനയെ വാഴ്ത്തപ്പെട്ടവളായും അദ്ദേഹം തന്നെ 2000 ഏപ്രില്‍ 30ന് വിശുദ്ധയായും പ്രഖ്യാപിച്ചു.

പോളണ്ടിലെ തന്നെ പോപ്പ് സെന്റ് പോള്‍ രണ്ടാമന്റെ ജന്മസ്ഥലം, ലഹരി വസ്തുക്കളുടെ അടിമകള്‍, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവര്‍, ജേണലിസ്റുകള്‍ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനായ മാക്സിമില്യന്‍ കോള്‍ബെയുടെ നാമത്തിലുള്ള ബസിലിക്ക ഓഫ് ദി മെഡിയട്രിക്സ് ഓഫ് ഗ്രെയ്സ് എന്നിവ തീര്‍ഥാടന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

1982 ഒക്ടോബര്‍ 10നായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാക്സിമില്യന്‍ കോള്‍ബെ വിശുദ്ധനായി നാമകരണം ചെയ്തത്. ചെക്ക് റിപ്പബ്ളിക്കിലെ ഏറ്റവും വലിയ നഗരവും ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനവമായ പ്രാഗിലെ ഉണ്ണി യേശുവിന്റെ അത്ഭുതങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, ബ്ളാക്ക് മഡോണ എന്നിവ ഉള്‍പ്പെടെ ഓസ്ട്രിയയിലെ നയന മനോഹര വര്‍ണക്കാഴ്ചകളും ഈ തീര്‍ഥാടനത്തിലൂടെ സാധ്യമാകുന്നു.

തീര്‍ഥാടനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്. ഒമ്പതു ദിവസത്തെ തീര്‍ഥാടനത്തിന് 2900 ഡോളറാണ് ആണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

തീര്‍ഥാടനനത്തോടനുബന്ധിച്ചു കരുണയുടെ വര്‍ഷത്തില്‍ മദര്‍ തെരേസയെ വിശുദ്ധയായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിക്കുന്ന ചടങ്ങ് ദര്‍ശിക്കാനുള്ള അവസരം ആവശ്യമുള്ള തീര്‍ഥാടകര്‍ക്കു ഒരുക്കിയിട്ടുണ്ട്. 13 ദിവസം നീണ്ടു നില്ക്കുന്ന യാത്രയില്‍ റോം, വെനീസ്, അസീസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുന്നതിനുമുള്ള നിരക്ക് 3300 ഡോളര്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.

തീര്‍ഥാടനമൊരുക്കുന്നത് മാഗി ഹോളിഡേയ്സ് ആണ്.

വിവരങ്ങള്‍ക്ക്: ജയ്സന്‍ അലക്സ് 9146459899, വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ 908837 9484. ടോം പെരുംപായില്‍ (ട്രസ്ടി) 646 3263708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 9061709, മേരിദാസന്‍ തോമസ് (ട്രസ്റി) 201 9126451, മിനേഷ് ജോസഫ് (ട്രസ്റി) 201 9789828.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം