സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി നിറവില്‍
Thursday, April 28, 2016 5:11 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ മെയ് ഏഴിനു നടത്തുന്നു. സുപ്രധാന നാഴികക്കല്ലായ 25 വര്‍ഷം പിന്നിടുമ്പോള്‍ നാളത്തെ വിശുദ്ധരെ വാര്‍ത്തെടുക്കുക എന്ന ഈ വിശ്വാസപരിശീലന സംരംഭത്തില്‍ ഭാഗഭാക്കായ ഓരോരുത്തരേയും ഓര്‍മ്മിക്കുവാനും, ആദരിക്കാനും, ഒത്തുചേരാനുമായുള്ള ഒരു അസുലഭ ദിനമായിരിക്കും ഇതെന്ന് ഇടവക വികാരിയും രൂപതാ മതബോധന ഡയറക്ടറുമായ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പറഞ്ഞു. മെയ് ഏഴിനു ശനിയാഴ്ച മൂന്നു മുതല്‍ എട്ടുവരേയാണ് ആഘോഷങ്ങളെന്നും ഇതിലേക്കായി ഏവരേയും ക്ഷണിക്കുന്നതായും സ്കൂള്‍ ഡയറക്ടര്‍ സി. ജസ്ലിന്‍ അറിയിക്കുന്നു.

'ഈശോയെ അറിയുക, ഈശോയെ സ്നേഹിക്കുക, നല്ലൊരു സമൂഹം വാര്‍ത്തെടുക്കുക' എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കുന്ന ഒത്തുചേരലിനുശേഷം നാളിതുവരെ സ്തുത്യര്‍ഹ സേവനം ചെയ്ത വിശ്വാസപരിശീലകരെ പ്രത്യേകം ആദരിക്കുന്നു. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും ഒന്നുചേരുന്ന ഈ വേള ഒരു ആശയവിനിമയ വേദികൂടിയാവും. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫാ. കുര്യാളശേരി അവാര്‍ഡ് ജേതാക്കള്‍ ഒരേ വേദിയില്‍ വന്നുചേരുന്നു എന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ടാകും. തുടര്‍ന്ന് ഭക്ഷണത്തിനുശേഷം 'ജെറീക്കോയുടെ മതിലുകള്‍', 'നോഹയുടെ പെട്ടകം' എന്നീ ദൃശ്യാവിഷ്കാരങ്ങള്‍ ഉണ്ടായിരിക്കും. അതിമനോഹരമായ, ഭക്ത്യാദരപൂര്‍വ്വം ഒരുക്കിയ കലാവിരുന്ന് കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനത്തിന്റെ പ്രതിഫലനമായിരിക്കും. ഈ സംഗമത്തില്‍ വന്നുചേരുവാനായി ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം