ദുബായി കെഎംസിസി ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ അംഗത്വമെടുക്കുന്നതിനു മേയ് എട്ടു വരെ അവസരം
Wednesday, April 27, 2016 8:05 AM IST
ദുബായി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവ ശ്രദ്ധ പുലര്‍ത്തുന്ന ദുബായി കെഎംസിസി ആരോഗ്യ ഇന്‍ഷ്വറന്‍സ് രംഗത്തും മാതൃകാപരമായ കാല്‍വയ്പ് നടത്തിക്കൊണ്ടിരിക്കുന്നു.

തകാഫുല്‍ ഇമാറാത്ത്, ആഫിയ ഗ്രൂപ്പ് സഹകരണത്തോടെയാണ് ഈ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിത്തീരും വിധം, ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ എന്ന ആശയവുമായി ദുബായി കെഎംസിസി കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തിവരുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ തുടര്‍ച്ചയാണിതെന്നു പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

തുംബൈ ഗ്രൂപ്പ് ആഫിയ നെറ്റ്വര്‍ക്ക് സഹകരണത്തോടെയുള്ള തകാഫുല്‍ ഇമാറാത്ത് ഇന്‍ഷ്വറന്‍സില്‍ ഒന്നരലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയാണുള്ളത്. മുന്‍കാല രോഗങ്ങള്‍ക്കടക്കമുള്ള ചികിത്സയാണ് ഇതുവഴി ലഭ്യമാവുന്നത്. ഡോക്ടറുടെ പരിശോധനാ ഫീസ് 20 ശതമാനം (പരമാവധി 25 ദിര്‍ഹം) നല്‍കിയാല്‍ മതിയാകും. ദുബായി ആരോഗ്യ മന്ത്രാലയം ജൂണ്‍ മുതല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വീസ പുതുക്കാനും മറ്റു ചികിത്സാ സൌകര്യങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനകരമായിരിക്കും. ദുബായി ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകൃത ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും നിയമപരമായ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്ന വിധത്തിലാണ് ഇത് നടപ്പിലാക്കുന്നത്. നാട്ടിലെ ആശുപത്രികളില്‍ അഡ്മിറ്റ് ചികിത്സ തേടുന്നവര്‍ക്ക് ഒറിജിനല്‍ ബില്ലുകള്‍ ഹാജരാക്കുന്ന മുറക്ക് 80 ശതമാനം ചികിത്സാ ചെലവ് തിരിച്ച് ലഭിക്കുന്നതാണ്. അടിയന്തര ഘട്ടങ്ങളിലൊഴികെ മുന്‍കൂട്ടിയുള്ള അനുവാദം ആവശ്യമാണ്. ദുബായി കെഎംസിസി അംഗങ്ങളെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയുമാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും അറുപത് വയസിനു താഴെ പ്രായമുള്ളവരും അബുദാബി വീസക്കാരല്ലാത്തവരുമായ ആര്‍ക്കും വീസ പേജ് അടക്കമുള്ള പാസ്പോര്‍ട്ട് കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി, ഒരു ഫോട്ടോ, തകാഫുല്‍ ഇമാറാത്ത് ആഫിയ നെറ്റ്വര്‍ക്ക് വാര്‍ഷിക പ്രീമിയം 890 ദിര്‍ഹം എന്നിവയുമായി ദുബായി കെഎംസിസിയുടെ അല്‍ ബറാഹ ഓഫീസിലെത്തി അംഗത്വമെടുക്കാവുന്നതാണ്.

ആശുപത്രികള്‍, ക്ളിനിക്കുകള്‍, ഡയഗ്നോസ്റിക്ക് സെന്ററുകള്‍, ഫാര്‍മസികള്‍ തുടങ്ങി 650ല്‍ പരം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ചികിത്സയും മറ്റു സേവനങ്ങളും ലഭിക്കും. ദുബായി കെഎംസിസി മൈഹെല്‍ത്ത് നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലയളവ് 2016 മേയ് മുതല്‍ 2017 മേയ് വരെയാണ്. ഇന്‍ഷ്വറന്‍സില്‍ അംഗത്വമെടുക്കുന്നതിന് മേയ് എട്ടു വരെ മാത്രമായിരിക്കും അവസരമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദുബായി ഹെല്‍ത്ത് അതോറിറ്റിയുടെ പുതിയ

നിര്‍ദ്ദേശപ്രകാരം ഓരോ ജീവനക്കാരനും ഇന്‍ഷ്വറന്‍സ് പരിരക്ഷ തൊഴിലുടമ ഉറപ്പുവരുത്തേണ്ടതുണ്ട്. ഹെല്‍ത്ത് അഥോറിറ്റി നിര്‍ദ്ദേശിച്ച ഇന്‍ഷ്വറന്‍സ് കവറേജ് ലഭ്യമാക്കാത്ത തൊഴിലുടമ ഓരോ മാസവും 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. കുടുംബ വീസയില്‍ ബന്ധുക്കളെ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും ഇത് ബാധകമാണെന്നതിനാല്‍ മുഴുവന്‍ പ്രവാസികളും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്‍ഷ്വറന്‍സില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായി കെഎംസിസിയുടെ അല്‍ ബറാഹആസ്ഥാനത്ത് തകാഫുല്‍ ഇമാറാത്ത് ആഫിയ നെറ്റ്വര്‍ക്കിന്റെ പ്രത്യേക രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 04 2727773, 050 6002355.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍