പിന്‍സീറ്റിലിരുന്ന കുട്ടിയുടെ വെടിയേറ്റ് യുവതിയായ ഡ്രൈവര്‍ കൊല്ലപ്പെട്ടു
Wednesday, April 27, 2016 5:49 AM IST
മില്‍വാക്കി: കാര്‍ ഡ്രൈവ് ചെയ്തിരുന്ന ഇരുപത്താറുകാരിയായ യുവതി പിന്‍സീറ്റിലിരുന്നിരുന്ന കുട്ടിയുടെ വെടിയേറ്റു മരിച്ചു.

മില്‍വാക്കി ഹൈവേയില്‍ ഏപ്രില്‍ 26നു രാവിലെ പത്തിനാണ് സംഭവം. പിന്നില്‍നിന്നു വെടിയേറ്റ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡില്‍നിന്നും തെന്നിപ്പോയി. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഡെപ്യൂട്ടീസ് സ്ഥലത്തെത്തുമ്പോള്‍ കാറില്‍ ചലനമറ്റ് കിടക്കുന്ന യുവതിയെ ആണു കണ്ടത്. ഉടനെ സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

യുവതിയും കുട്ടിയുമായുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ കൈവശം തോക്ക് എങ്ങനെ എത്തി എന്നു അന്വേഷിച്ചുവരുന്നതായി മില്‍വാക്കി പോലീസ് പറഞ്ഞു.

ഇതിനു സമാനമായ സംഭവം മാര്‍ച്ചില്‍ ഫ്ളോറിഡായില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. അന്നു കാറിനു പുറകിലിരുന്ന നാലു വയസുകാരനായ മകന്‍ കാര്‍ ഡ്രൈവ് ചെയ്തിരുന്ന മാതാവിന്റെ പുറകില്‍ വെടിയുതിര്‍ത്തുവെങ്കിലും മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ മാതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കുട്ടികള്‍ക്ക് തോക്ക് എടുക്കാവുന്നവിധത്തില്‍ വച്ചതിനായിരുന്നു കേസ്.

തോക്കു കൊണ്ടുനടക്കുന്നതിനുള്ള സ്വാതന്ത്യ്രം അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നല്‍കിയിരിക്കേ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും കൂടി ഏറ്റെടുക്കാന്‍ ഉടമസ്ഥര്‍ തയാറാകേണ്ടതാണെന്നാണ്് ഇത്തരം നടപടികള്‍ ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍