ഫാ. സ്വാമി സദാനന്ദ നിര്യാതനായി
Wednesday, April 27, 2016 5:48 AM IST
തൃശൂര്‍: തൃശൂര്‍ കല്ലൂര്‍ പൊറാട്ടുകര പരേതനായ അന്തോണി- വെറോനിക്ക ദമ്പതിമാരുടെ മകനും സിഎംഐ സന്യാസ സമൂഹ മിഷനറിയുമായ ഫാ. സ്വാമി സദാനന്ദ (സ്വാമിയച്ചന്‍-78) ഇന്‍ഡോറില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 30നു (ശനി) ഇന്‍ഡോറില്‍ നടക്കും. തുടര്‍ന്നു മൃതദേഹം വില്‍പത്ര പ്രകാരം മെഡിക്കല്‍ കോളജിനു കൈമാറും.

ന്യൂയോര്‍ക്കിലുള്ള ഡേവിഡ് ആന്റോ, റവ. ഡോ. ജോസ് ആന്റോ (എലൈറ്റ് മിഷന്‍ ആശുപത്രി), ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ റോഡിയോളജി വിഭാഗം ചുമതല വഹിക്കുന്ന സിസ്റര്‍ ലിസാന്റോ തുടങ്ങി പത്തുപേര്‍ അടങ്ങുന്നതാണ് സ്വാമിയച്ചന്റെ കുടുംബം. രണ്ടുമാസം മുമ്പ് തൃശൂരിലെത്തി സഹോദരി സിസ്റര്‍ ക്രിസ് ആന്റോയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത് ഇന്‍ഡോറിലേക്ക് മടങ്ങിയതായിരുന്നു.

1979 ഏപ്രില്‍ 21നു കത്തോലിക്കാ സഭയുടെ പൌരോഹിത്യ ശുശ്രൂഷയില്‍ പ്രവേശിച്ച ഫാ. മൈക്കിള്‍ സാധാരണ കത്തോലിക്കാ വൈദികരില്‍നിന്നും വ്യത്യസ്തനായി നീട്ടിവളര്‍ത്തിയ തലമുടിയും നരച്ചു വെളുത്ത താടിയും കാവിമുണ്ടും ഷാളും ധരിച്ചിരുന്നു.

ഇന്‍ഡോറില്‍ അംഗഹീനര്‍ക്കായി നിര്‍മിക്കുന്ന അഭയ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്നതു സ്വാമിയച്ചനായിരുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ സ്വാമിയച്ചന്‍ നഗ്നപാദനായി സഞ്ചരിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയുന്നു. 'ഹാര്‍ട്ട് ഓഫ് മര്‍ഡറര്‍' എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയില്‍ നടത്തിയ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു അമേരിക്കയില്‍ എത്തിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ വീണ്ടും സന്ദര്‍ശിക്കാനിരിക്കെയാണ് മരണം.

അനേകജീവിതങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചിരുന്ന അച്ചന്റെ അകാല നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം പ്രത്യേകം പ്രാര്‍ഥിക്കുന്നതായും ഫാ. പോളി തെക്കനച്ചന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍