ഹൂസ്റണ്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി വൈദികര്‍ക്കു യാത്രയയപ്പു നല്‍കി
Tuesday, April 26, 2016 6:44 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റണില്‍നിന്നു സ്ഥലം മാറി പോകുന്ന വൈദികര്‍ക്കു യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 19നു വൈകുന്നേരം സ്റാഫോര്‍ഡിലെ ഗസല്‍ ഇന്ത്യന്‍ കഫേയില്‍ നടന്ന ചടങ്ങില്‍ മൂന്നു വര്‍ഷക്കാലം ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരിയായിരുന്ന റവ. ഡോ. സജു മാത്യു, ട്രിനിറ്റി മാര്‍ത്തോമ ഇടവക വികാരിയും എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ പിആര്‍ഒയുമായിരുന്ന റവ. കൊച്ചു കോശി ഏബ്രഹാം എന്നിവര്‍ക്കാണു യാത്രയയപ്പു നല്‍കിയത്.

റവ. ഡോ. സജു മാത്യു നിരണം യറുശലേം മാര്‍ത്തോമ ഇടവക വികാരിയായി ആണ് സ്ഥലം മാറിപ്പോകുന്നത്. റവ. കൊച്ചു കോശി ഏബ്രഹാം റാന്നി അഞ്ചുകുഴി പ്രത്യാശാഭവന്റെ ഡയറക്ടറായി ചുമതലയേല്‍ക്കുന്നതോടൊപ്പം കരിമ്പനാംകുഴി മാര്‍ത്തോമ ഇടവകയുടെ വികാരിയായും സേവനം അനുഷ്ഠിക്കും. റവ. കെ.ബി. കരുവിളയുടെ പ്രാരംഭ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ഫാ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു.

ഫെബ്രുവരി ഒന്നിനു ദേശി റസ്ററന്റില്‍ നടന്ന മറ്റൊരു യാത്രയയപ്പു സമ്മേളനത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരിയും എക്യുമെനിക്കല്‍ കമ്യൂണിറ്റി യൂത്ത് കോ-ഓര്‍ഡിനേറ്റുമായിരുന്ന ഫാ. വില്‍സണ്‍ ആന്റണിക്കും യാത്രയയപ്പു നല്‍കി. മക്കാലന്‍ ഇടവകയുടെ വികാരിയായി അദ്ദേഹം ചുമതലയേറ്റു.

ഹൂസ്റണിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ ഈ വൈദികര്‍ക്ക് സന്നിഹിതരായിരുന്ന വൈദിക, അത്മായ പ്രമുഖര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു. സംഘടനയുടെ ഉപഹാരമായി മൊമന്റോയും നല്‍കി.

റവ. കൊച്ചുകോശി ഏബ്രഹാം, റവ. ഡോ. സജു മാത്യു, ഫാ. വില്‍സണ്‍ ആന്റണി എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി. രണ്ടു യാത്രയയപ്പു സമ്മേളനങ്ങളിലും സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ്, ട്രഷറര്‍ റോബിന്‍ ഫിലിപ്പ് പ്രസംഗിച്ചു. സ്നേഹസല്‍ക്കാരത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി