എണ്ണയെ ആശ്രയിക്കാതെ ജീവിക്കാനാവുമെന്നു സൌദി ഉപ കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
Tuesday, April 26, 2016 6:40 AM IST
ദമാം: 2020 ഓടെ എണ്ണയെ ആശ്രയിക്കാതെ തങ്ങള്‍ക്കു ജീവിക്കാനാവുമെന്നു സൌദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന കൌണ്‍സില്‍ അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

ആഗോള തലത്തില്‍ എണ്ണക്കു വിലയിടിവ് നേരിടുന്ന സാഹചര്യത്തില്‍ എണ്ണയിതര മാര്‍ഗങ്ങളിലൂടെ വരുമാനം കണ്െടത്തുന്നതിനു ചെലവുകളില്‍ നിരീക്ഷണവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുള്ള 'സൌദി വിഷന്‍ 2030' എന്ന പേരിലുള്ള പദ്ധതിയെ സംബന്ധിച്ച് സൌദിയിലെ സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വിശദീകരിച്ചത്.

വരുന്ന 15 വര്‍ഷത്തേക്കു രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ വളര്‍ച്ച കൈവരിക്കുന്നതിനുള്ള കര്‍മ പദ്ധതിയാണു സൌദി വിഷന്‍ 2030.

എണ്ണക്കു വില കൂടിയാലും കുറഞ്ഞാലും 2020 ആകുമ്പോഴേയ്ക്കും എണ്ണയെ ആശ്രയിക്കാതെ തന്നെ രാജ്യത്തിനു മുന്നോട്ടു പോകാന്‍ കഴിയും. സൌദി സ്ഥാപകനും അദ്ദേഹത്തോടപ്പമുണ്ടായിരുന്നവരും സൌദി അറേബ്യ സ്ഥാപിച്ചത് എണ്ണയെ ആശ്രയിച്ചുകൊണ്ടായിരുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ എണ്ണയെ മാത്രം പ്രധാനവരുമാനമായി ആശ്രിയിച്ചിരുന്നതു തെറ്റായി പോയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി രണ്ടര ട്രില്യന്‍ ഡോളറിന്റെ സാമ്പത്തികനിധി രൂപീകരിക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നിധിയായിരിക്കും ഇത്. സൌദി അരാംകോയുടെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കുക വഴി രണ്ട് ട്രില്ല്യന്‍ ഡോളര്‍ അഥവാ ഏഴ് ട്രില്യന്‍ റിയാല്‍ ലഭ്യമാവും.

സൌദി അരാകോയുടെ യഥാര്‍ഥ ആസ്തി എന്തെന്നും അവയുടെ ലാഭവും മറ്റും പൊതുജനത്തിനു വ്യക്തമല്ല. എന്നാല്‍ ഇവയുടെ ഓഹരി വിറ്റഴിക്കുന്നതോടെ ഇവയെ കുറിച്ചെല്ലാം വ്യക്തമാക്കും. ലോകത്തിലെ പല കമ്പനികളും ഓഹരി സ്വന്തമാക്കാന്‍ മത്സരിക്കും. നിലവിലുള്ള ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിനായി ജിദ്ദ, തായിഫ് വിമാനത്താവങ്ങള്‍ വിപൂലീകരിച്ചുകൊണ്ടിരിക്കുകയാണ്.

അര്‍ഹതപ്പെട്ട വിദേശികള്‍ക്കു ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കും.

ധാരാളം വിദേശികള്‍ അനവധി വര്‍ഷങ്ങളായി രാജ്യത്ത് കഴിയുന്നുണ്ട്. നിരവധി വിദേശികളുടെ വരുമാനം രാജ്യത്തിനു പുറത്തേയ്ക്കൊഴുകുകയാണ്. അതിനാല്‍ ഇവര്‍ക്കു നിക്ഷേപമിറക്കുന്നതിനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുവാനും പറ്റുന്ന നിലക്കു ഗ്രീന്‍ കാര്‍ഡു നല്‍കാനാണു പദ്ധതി.

2015ല്‍ സൈന്യത്തിനുവേണ്ടി കൂടുതല്‍ തുക ചെലവഴിച്ച ലോകത്തെ മൂന്നാമത്തെ രാജ്യമാണ് സൌദി. അടുത്തവര്‍ഷം ആയുധം നിര്‍മിക്കുന്നതിനുള്ള ഫാക്ടറി രാജ്യത്ത് ആരംഭിക്കും. സര്‍ക്കാര്‍ സബ്സിഡികള്‍ 70 ശതമാനവും ധനികരിലാണ് എത്തുന്നത്. ഇത് അര്‍ഹതപെട്ടവര്‍ക്കു മാത്രമായി ചുരുക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം