തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യവത്കരണമില്ല
Tuesday, April 26, 2016 6:33 AM IST
കുവൈത്ത്: ക്രൂഡ് ഓയില്‍ മേഖലയിലെ വിലയിടിവുമായി ബന്ധപ്പെട്ടു നടക്കുന്ന കര്‍ശന സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കില്ലെന്നു ധനമന്ത്രാലയം അറിയിച്ചു.

എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്നും മറ്റുള്ള വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ പാര്‍ലിമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ നടപ്പിലാക്കുകയുള്ളൂ. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യമെങ്കില്‍ പാര്‍ലമെന്റ് വഴി അവ നേടിയെടുക്കും. എന്നാല്‍, ചില പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും ധനമന്ത്രി അനസ് അസാലിഹ് പറഞ്ഞു.

കമ്പനികളുടെ ലാഭത്തിന്മേല്‍ 10 ശതമാനം കോര്‍പറേറ്റ് നികുതി, സാധനങ്ങളുടെ ഉദ്പാദനത്തിന്മേല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) എന്നിവ ചുമത്തുന്നതടക്കമുള്ളവ പരിഷ്കരണ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പരിഷ്കരണ രേഖ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണു കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍