ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ വി. ഗീവര്‍ഗീസിന്റെ തിരുന്നാള്‍ ആചരിച്ചു
Tuesday, April 26, 2016 5:41 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ ലളിതവും ഭക്തിപുരസരവുമായി ആചരിച്ചു. മെയ് 24-നു ഞായറാഴ്ച രാവിലെ 9.45 -നു വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, യേശു ഉയര്‍ത്തെഴുന്നേറ്റതിനുശേഷം ഏഴു പ്രാവശ്യം പ്രത്യക്ഷപ്പെട്ടതെല്ലാം ഞായറാഴ്ചകളിലാണെന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചുകൊണ്ട് ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, നമ്മുടെ അധ്വാനഫലത്തിന്റെ ഒരു ഷെയറുമായി ദൈവാലയത്തില്‍ വരണമെന്നും, ക്രിസ്തുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നാം പ്രവര്‍ത്തിക്കുമ്പോഴാണ് നല്ലഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കുന്നതെന്നും, നിരവധി ബൈബിള്‍ വാക്യങ്ങളുദ്ധരിച്ചുകൊണ്ട് ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. തിരുന്നാള്‍ നടത്തുന്നതിന്, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തന്‍പുരയില്‍ എന്നിവര്‍ നേത്യുത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി