ട്രംപിന്റെ കുതിപ്പിനു തടയിടാന്‍ ക്രൂസും കെയ്സും കൈകോര്‍ക്കുന്നു
Monday, April 25, 2016 1:00 AM IST
ഇന്ത്യാന: റിപ്പബ്ളിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍ ലഭിക്കുന്നതിനു ട്രംപ് നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതിന് ടെഡ് ക്രൂസും ജോണ്‍ കെയ്സും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഇരുവരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വിജയിക്കണമെങ്കില്‍ ട്രംപിനെ മാറ്റി നിര്‍ത്തേണ്ടത് ആവശ്യമാണെന്നു ടെഡ് ക്രൂസിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മാനേജര്‍ ജെഫ് റോസ് പറഞ്ഞു.

അടുത്തു നടക്കുന്ന ഇന്ത്യാന തെരഞ്ഞെടുപ്പില്‍ ടെഡ് ക്രൂസും ഒറിഗണ്‍, ന്യൂമെക്സിക്കോ തെരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ ജോണ്‍ കെയ്സും ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യാനയില്‍നിന്നുള്ള ഡെലിഗേറ്റുകളെ കെയ്സിനു ലഭിക്കുമെന്നുറപ്പാണെന്ന് കെയ്സിന്റെ മാനേജര്‍ ജോണ്‍ വീവര്‍ പറഞ്ഞു. ടെഡ് ക്രൂസ് ഇവിടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയാല്‍ ട്രംപിനെ ഇവിടെ തടയാനാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ടെഡ് ക്രൂസും ജോണ്‍ കെയ്സും പരസ്പരം സ്പോയ്ലര്‍ എന്നും സെനറ്റര്‍ സ്മിയര്‍ എന്നും വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം മറന്ന് കൈകോര്‍ക്കുന്നത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഭാവിയെ കരുതിയാണെന്നാണ് ഇരുവരും പറയുന്നത്.

1237 ഡലിഗേറ്റുകളെ ലഭിക്കുന്നതിനു ട്രംപിനോ, ടെഡ് ക്രൂസിനോ സാധ്യതയില്ല. ട്രംപിനെ തടയിടുന്നതിനു പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തെത്തിയാല്‍ സാധാരണ വോട്ടര്‍മാരുടെ പിന്തുണ ട്രംപിനു കൂടിവരുന്നു എന്നത് വിരോധാഭാസമായി തോന്നുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍