ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റര്‍ ആഘോഷം അനുഗ്രഹീതമായി
Friday, April 22, 2016 5:45 AM IST
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍ 17നു സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയില്‍ വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട മലയാളി ക്രിസ്ത്യാനികള്‍ ഈസ്റര്‍ ആഘോഷിച്ചു.

എപ്പിസ്ക്കോപ്പല്‍ സഭാ ബിഷപ് റൈറ്റ് റവ. ഡോ. ജോണ്‍സി ഇട്ടി ഈസ്റര്‍ സന്ദേശം നല്‍കി. ഉയിര്‍പ്പു നല്‍കുന്നത് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും മരണത്തിനുമേലുള്ള ജയവുമാണ്. ഇതു നാം അനുസ്മരിക്കുമ്പോള്‍ ഈ ലോകത്തില്‍ നമ്മോടൊപ്പം ജീവിച്ചു കടന്നുപോയ നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും നേതാക്കന്മാരെയും ഗുരുക്കന്മാരെയും നാം ഓര്‍ക്കുവാന്‍ കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച സിഎസ്ഐ സഭയുടെ മധ്യകേരള ഡയോസിസിന്റെ മുന്‍ ബിഷപ് സാം മാത്യുവിനെ അദ്ദേഹം ചടങ്ങില്‍ അനുസ്മരിച്ചു.

മുപ്പതില്‍പരം വര്‍ഷങ്ങളായി ഈ പ്രദേശത്ത് സഭാവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫെലോഷിപ്പിനേയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

യുവജനങ്ങള്‍ക്കുവേണ്ടി ഈസ്റര്‍ സന്ദേശം നല്‍കിയ സോബി കുരുവിള ലോകം തരുന്ന സുഖങ്ങളും സൌഭാഗ്യങ്ങളും ദൈവത്തിന്റ്െറ ദാനമാണെന്നും അതുകൊണ്ടുതന്നെ ദാനത്തേക്കാള്‍ ദാതാവിനെ സ്നേഹിക്കുവാന്‍ നാം ബാധ്യസ്ഥരാണെന്നും ദൈവത്തിനുവേണ്ടി നമുക്കേറ്റം വിലപ്പട്ടവയെല്ലാം ത്യജിച്ചവരെ ദൈവം ധാരാളമായി അനുഗ്രഹിച്ച അനുഭവങ്ങളാണ് ബൈബിളിലുടനീളം നമുക്കു കാണുവാന്‍ കഴിയുന്നതെന്നും ഓര്‍മിപ്പിച്ചു.

റവ. ഡോ. പോള്‍ പതിക്കലിന്റെ പ്രാര്‍ഥനയോടെ നടന്ന ആഘോഷ പരിപാടികളില്‍ ബിസിഎംസി ഗായകസംഘം പ്രാര്‍ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ടി.എസ്. ചാക്കോ, സെക്രട്ടറി സജി റ്റി. മാത്യു, ട്രഷറര്‍ പ്രസാദ് മാത്യു എന്നിവര്‍ക്കും കമ്മിറ്റിയംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.

അക്കാദമി ഓഫ് ലാഗ്വേജസ് ആന്‍ഡ് ആര്‍ട്ട്സ് വിദ്യാര്‍ഥികളായ അലീന തര്യനും ആന്‍ഡ്രു ഫിലിപ്പും മലയാളത്തില്‍ വേദഭാഗം വായിച്ചു. ബിസിഎംസി ഫെലോഷിപ്പില്‍ പേട്രണ്‍മാരായി നേതൃത്വം നല്‍കിയ ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. റോയി മാത്യു, ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. റെജി പോള്‍ എന്നിവര്‍ക്ക് യാത്രയയപ്പും സമ്മേളനത്തില്‍ നല്‍കി. റവ. റോയി മാത്യുവിന്റേയും റവ. റെജി പോളിന്റേയും സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും യഥാക്രമം സാമുവല്‍ ജോര്‍ജുകുട്ടിയും സി.എസ്. രാജുവും സംസാരിച്ചു. ബിസിഎംസി ട്രഷറര്‍ സെബാസ്റ്യന്‍ ജോസഫ് ഫെലോഷിപ്പിന്റെ ഉപഹാരം റവ. റെജി പോളിനു സമ്മാനിച്ചു.

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വര്‍ഗീസ് ആശംസ പ്രസംഗം നടത്തി. തുടര്‍ന്നു വിവിധ ദേവാലയങ്ങളിലെ ഗായകസംഘത്തിന്റെ ഗാനാലാപനവും അക്കാദമി ഓഫ് ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്സ് മലയാളം സ്കൂള്‍ കുട്ടികള്‍ മലയാളത്തില്‍ ആലപിച്ച സംഘഗാനവും ജംസണ്‍ കുര്യാക്കോസ്, ജോണ്‍സ് തമ്പാന്‍, വിനു ചാക്കോ (പ്രണാം മള്‍ട്ടി മീഡിയ), കെ.ഐ. അലക്സാണ്ടര്‍ എന്നിവരുടെ സോളോ ഗാനങ്ങളും അരങ്ങേറി. തുടര്‍ന്നു നടന്ന ഈസ്റര്‍ ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍