ഫോമ ഷിക്കാഗോ റീജണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫും പ്രൌഢഗംഭീരമായി
Friday, April 22, 2016 5:11 AM IST
ഷിക്കാഗോ: ഫോമയുടെ റീജണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷനും ഷിക്കാഗോയില്‍ നടന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 16-നു മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിനു ഗുണകരമായ ഏറെ കാര്യങ്ങള്‍ ചെയ്യുന്ന ഫോമയുടെ ഭാരവാഹികളെ പ്രത്യേകമായി അഭിനന്ദിച്ച അദ്ദേഹം, ആത്മീയ പിതാക്കന്മാരുടെ പ്രതിനിധി എന്ന നിലയില്‍ സംഘടനയുടെ എല്ലാ സദുദ്യമങ്ങള്‍ക്കും ഹൃദ്യമായ പിന്തുണയേകിക്കൊണ്ട് അടുത്ത 2018 കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ നടക്കട്ടെ എന്നും ബെന്നി വാച്ചാച്ചിറയുടെ നേതൃത്വം ഫോമയ്ക്ക് മുതല്‍ക്കൂട്ടാകട്ടെയെന്നും ആശംസിച്ചു.

റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷനായിരുന്നു. ഫോമയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം സംഘടനയുടെ മുഖ്യ ചാലകശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആനന്ദന്‍ നിരവേലിനേയും, എക്സിക്യൂട്ടീവ് അംഗങ്ങളേയും അഭിനന്ദിച്ചു.

സ്നേഹത്തിന്റെ ഭാഷ സാര്‍വദേശീയമാണെന്നും ഫോമ ചെയ്യുന്ന ഉപവി പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നും മോര്‍ട്ടന്‍ഗ്രോവ് സിറ്റി മേയര്‍ ഡാന്‍ഡി മരിയ അഭിപ്രായപ്പെട്ടു.

ആശംസാ പ്രസംഗത്തില്‍ ഫോമാ നാഷണല്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പ്രൌഢമായ ചടങ്ങ് സംഘടിപ്പിച്ച ഷിക്കാഗോയിലെ ഭാരവാഹികളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ചു. ആത്മാര്‍ത്ഥതയോടെയും ഇച്ഛാശക്തിയോടെയും ഉദ്ദേശശുദ്ധിയോടെയും കര്‍മ്മമേഖലകളില്‍ വ്യാപൃതരായാല്‍ സഹകരിക്കാന്‍ ആളുകള്‍ തയാറാകുമെന്നും, വിമര്‍ശനങ്ങളേയും അതിജീവിച്ച് ഫോമയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിലെ കെട്ടിടം ഇതിനു ഉത്തമോദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോമയുടേയും ഇതര സഹോദര സംഘടകളുടേയും പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും 2018 ഫോമ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ നടക്കുന്നതിനായി ശ്രമിക്കണമെന്നും, ബെന്നി വാച്ചാച്ചിറയുടെ പ്രസിഡന്റ് സ്ഥാനലബ്ദി ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു വേഗത നല്‍കണമെന്നും അഭിപ്രായപ്പെട്ടു. ബിജി ഫിലിപ്പ് എടാട്ട്, വിനോദ് കൊണ്ടൂര്‍, അച്ചന്‍കുഞ്ഞ് മാത്യു, മനു നൈനാന്‍, രഞ്ജന്‍ ഏബ്രഹാം, ഗ്ളാഡ്സണ്‍ വര്‍ഗീസ്, ശിവന്‍ മുഹമ്മ, ടോമി അംബേനാട്ട്, പീറ്റര്‍ കുളങ്ങര, സാജു കണ്ണമ്പള്ളി, സ്റാന്‍ലി കളരിക്കമുറി, ജീന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ അന്നേദിവസം നാഷണല്‍ കണ്‍വന്‍ഷന് രജിസ്ട്രേഷന്‍ നടത്തി. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബെന്നി വാച്ചാച്ചിറ സ്വാഗതവും, റീജിയണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ നന്ദിയും പറഞ്ഞു. ജോണ്‍സണ്‍ കണ്ണൂക്കാടനായിരുന്നു പരിപാടികളുടെ എം.സി. ശാന്തി ജെയ്സണ്‍ ഈശ്വരപ്രാര്‍ഥന ആലപിച്ചു.

സമ്മേളനാനന്തരം ഷിക്കാഗോയിലെ കലാകാരന്മാരുടേയും കലാകാരികളുടേയും കലാപ്രകടനങ്ങള്‍ പരിപാടികള്‍ക്ക് ചാരുതയേകി. സിമി ജസ്റോ എംസിയായിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണപാനീയങ്ങളും പങ്കെടുത്തവര്‍ക്കെല്ലാം തയാറാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം