ഹൂസ്റണ്‍ എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍
Thursday, April 21, 2016 8:04 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് വോളിബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ സെന്റ് ജോസഫ് സീറോ മലബാര്‍ ടീമിനു കിരീടം.

ഏപ്രില്‍ ഒമ്പതിനു ട്രിനിറ്റി സെന്ററില്‍ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണു സെന്റ് ജോസഫ് ജേതാക്കളാകുന്നത്. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടു സെറ്റിനാണ് (25-17, 25-13) ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് എ ടീമിനെ പരാജയപ്പെടുത്തിയത്.

വിജയികള്‍ക്ക് റവ. ഫാ. ടി.എം. പീറ്റര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കേരള കിച്ചന്‍ സംഭാവന ചെയ്ത് ഭക്ഷണ കൂപ്പണുകളും സമ്മാനിച്ചു. ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് എ ടീമിന് റണ്ണര്‍ അപ്പ് ട്രോഫി ലഭിച്ചു.

ടൂര്‍ണമെന്റിലെ എംവിപി ആയി സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചിലെ ജോസി ജേക്കബും ബസ്റ് ഡിഫന്‍സ് പ്ളയര്‍ ആയി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ അജിന്‍ മാത്യുവും ബസ്റ് ഓഫന്‍സീവ് പ്ളയര്‍ ആയി. ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചിലെ ബിനോയി കുഞ്ഞുകുട്ടിയും ബസ്റ് സെന്റര്‍ ആയി സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചിലെ പോളച്ചനും തെരഞ്ഞെടുക്കപ്പെട്ടു.

സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച്, ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് എ, ബി ടീമുകള്‍, ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് ടീം, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ എന്നീ ടീമുകളാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

റവ.ഫാ.ഏബ്രഹാം സഖറിയായുടെ (ജിക്കു അച്ചന്‍) നേതൃത്വത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ എബി മാത്യു, റജി കോട്ടയം, ഡോ. അന്നാ കെ. ഫിലിപ്പ്, റോബിന്‍ ഫിലിപ്പ്, മോസസ് പണിക്കര്‍ എന്നിവരോടൊപ്പം ട്രിനിറ്റി സ്പോര്‍ട്സ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രിനിറ്റി ഇടവക ട്രസ്റി ഷാജിമോന്‍ ഇടിക്കുള തുടങ്ങിയവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി