ചെമ്പന്‍ വിനോദ് ജോസിനു സ്വീകരണം നല്‍കി
Thursday, April 21, 2016 6:09 AM IST
ന്യൂയോര്‍ക്ക്: വ്യത്യസ്ത വേഷങ്ങളില്‍ അഭിനയരംഗത്ത് മിന്നിത്തിളങ്ങുകയും വനിതയുടെ മികച്ച സഹനടനുള്ള അവാര്‍ഡ് നേടുകയും ചെയ്ത ചെമ്പന്‍ വിനോദ് ജോസിനു റോക്ക്ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി.

അമേരിക്കന്‍ മലയാളിയായ വിനോദിന്റെ ഇടവകകൂടിയായ സെന്റ് മേരീസിലെ സ്വീകരണത്തില്‍ സിനിമാരംഗത്തെ നേര്‍ക്കാഴ്ചകള്‍ താരം പങ്കുവച്ചു.

സംവിധായകനായ ലിജോ ജോണ്‍ പെല്ലിശേരിയുടെ നിര്‍ബന്ധപ്രകാരമാണ് അഭിനയം തുടങ്ങിയത്. ഒത്താലൊക്കട്ടെ എന്നു പറഞ്ഞായിരുന്നു അഭിനയിച്ചത്. അതു ക്ളിക്കുചെയ്തു. ആമേന്‍ സിനിമ കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസമായി. നടനായി തുടരണമെന്ന ആഗ്രഹമായി.

മൂന്നരക്കോടി മലയാളികളുള്ളതില്‍ 450 പേരാണ് അഭിനേതാക്കള്‍. അതില്‍ ആദ്യത്തെ 20 പേരെ എടുത്താല്‍ അതിലൊരാള്‍ താനായിരിക്കുമെന്നു പറയുന്നു. ഇത്രയും അസുലഭമായ ഒരംഗീകാരം കളയാന്‍ മനസു വരില്ലല്ലോ. ഇതേവരെ 42 സിനിമകളില്‍ അഭിനയിച്ചു. കൂടുതലും കോമഡി വേഷങ്ങള്‍. പിന്നെ വില്ലന്‍. വ്യത്യസ്ത വേഷങ്ങള്‍ ചിലപ്പോള്‍ ചോദിച്ചുവാങ്ങും. അല്ലെങ്കില്‍ പിന്നെ ആവര്‍ത്തനവിരസതയും ഒരേ ടൈപ്പുമാകും. പുതിയ ചിത്രം 'കലി'യിലെ വേഷം സിനിമയില്‍ കണ്ടപ്പോള്‍ ഇത്തിരി കടന്ന കൈയായി തോന്നി. അതിലഭിനയിച്ച സായി പല്ലവി (പ്രേമം) സീന്‍ കണ്ടപ്പോള്‍ പേടിച്ചു കരഞ്ഞു. കോയമ്പത്തൂരില്‍ പഠിക്കുമ്പോള്‍ അതേ മാതൃകയില്‍ ചെറിയൊരു അനുഭവം അവര്‍ക്കുണ്ടായിട്ടുണ്ടത്രേ.

രണ്ട് കന്നഡ ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയില്‍ നായക വേഷവും ചെയ്തു. അതു റിലീസ് ചെയ്യുമെന്നു കരുതുന്നു. പഴയ സിനിമാ സങ്കല്‍പം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നു. ബൃഹദ് ചിത്രങ്ങള്‍ക്കുപകരം ഒന്നേമുക്കാല്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമകളാണ് വരുന്നത്. ജനത്തിനും അതുമതി. പ്രധാന വേഷം ചെയ്ത 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' നല്ല ചിത്രമായിരുന്നെങ്കിലും അതിറങ്ങിയപ്പോള്‍ 'എന്നു നിന്റെ മൊയ്തീന്‍' ഇറങ്ങി. എങ്കിലും മുടക്കു മുതലില്‍ കൂടുതല്‍ അതിനു ലഭിച്ചു. സിനിമയുടെ ദൈര്‍ഘ്യവും കഥയുമെല്ലാം അതിന്റെ സാമ്പത്തികവശവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ആമേനു ശേഷം 'സപ്തമശ്രീ തസ്കര തുടങ്ങി' ഒരുപറ്റം സിനിമകള്‍. അതോടെ ഇന്ത്യയില്‍ കഴിയാതെ പറ്റില്ലെന്നായി. ഭാര്യ സുനിതയും പുത്രന്‍ ജോണ്‍ ക്രിസും റോക്ക്ലാന്‍ഡില്‍. സിനിമാഭിനയം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒറ്റപ്പെട്ടപോലെ. എക്കാലവും ഇന്ത്യയില്‍ തുടരുമെന്നില്ല.

സിനിമാരംഗത്തു വരുന്നവര്‍ അതു മാത്രമേ ചെയ്യൂ എന്ന പഴയകാല സങ്കല്‍പം മാറിവരികയാണ്. തന്നേക്കാള്‍ നല്ലൊരു നടന്‍ വന്നാല്‍ താന്‍ ഔട്ടായെന്നിരിക്കും. അപ്പോള്‍ ഒരു പ്ളാന്‍ ബി മനസില്‍ ഇല്ലാതില്ല താനും.

കോമഡി ചെയ്യാനാണു താത്പര്യം. ഒരുപാട് നല്ല സിനിമകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ജേക്കബ് റോയിയുടെ നേതൃത്വത്തില്‍ റോക്ക്ലാന്‍ഡിലുള്ള മാവേലി തിയറ്റര്‍ പോലുള്ള സംരംഭങ്ങളെ വിജയിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യം തന്നെയാണ്.

ഏപ്രില്‍ 18നു വിവാഹ വാര്‍ഷികമാണ്. ഒമ്പതു വര്‍ഷത്തെ സൌഹൃദത്തിനു ശേഷമായിരുന്നു വിവാഹം. ചെറുപ്പത്തിലേ സിനിമയോട് വലിയ കമ്പമായിരുന്നു. അമ്മയുടെ പണം മോഷ്ടിച്ച് സിനിമയ്ക്കു പോകും. അതല്ലാതെ ഒരു മോഷണവും ജീവിതത്തില്‍ നടന്നിട്ടില്ല. വിവാഹശേഷം ബംഗളൂരുവില്‍ ഒറ്റ ദിവസം നാലു സിനിമ കണ്ട ദിവസങ്ങളുണ്ട്. ഭാര്യയുടെ വഴക്കും കേട്ടു.

ഏതു നടന്റെ വില്ലനായി അഭിനയിക്കാനാണ് താത്പര്യമെന്നതിന്, മോഹന്‍ലാല്‍ എന്നായിരുന്നു മറുപടി. അതുപോലെ ഹിന്ദി നടി നന്ദിതാ ദാസിന്റെ കൂടെ അഭിനയിക്കാനും ആഗ്രഹമുണ്ട്. സെലിബ്രിറ്റി എന്ന ചിന്ത തലയ്ക്ക് പിടിച്ചിട്ടില്ല. ബിസിനസ് ക്ളാസില്‍ യാത്ര ചെയ്യുന്നത് അടുപ്പം പലപ്പോഴും അരോചകമായിത്തീരുന്നതുകൊണ്ടാണ്.

സെന്റ് മേരീസ് പള്ളിയില്‍ സിനിമാസ്വാദകര്‍ ചേര്‍ന്ന് രൂപംകൊടുത്ത ഓണ്‍ലൈന്‍ സിനിമ അപ്രിസിയേഷന്‍ ക്ളബിന്റെ പ്രഥമ അവാര്‍ഡു ചടങ്ങില്‍ വികാരി ഫാ. തദേവൂസ് അരവിന്ദത്ത് സമ്മാനിച്ചു. വിനയവും വിശ്വാസതീക്ഷണതയുമാണ് വിനോദിനെ വ്യത്യസ്തനാക്കുന്നതെന്നും ഭാവിയില്‍ കൂടുതല്‍ ഉയരങ്ങളില്‍ അദ്ദേഹം എത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കലാകാരനെ ആദരിക്കാന്‍ ഇടവക സമൂഹം കാട്ടിയ താത്പര്യത്തെ കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറം അഭിനന്ദിച്ചു. വികാരിയും കലാകാരനായത് ഇടവകാംഗങ്ങളുടെ ഭാഗ്യമാണ്. മലയാളം സിനിമകള്‍ കണ്ട് കുട്ടികള്‍ മലയാളം നന്നായി സംസാരിക്കുന്നതും ജോസ് ചൂണ്ടിക്കാട്ടി. ജേക്കബ് റോയി, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.