എണ്ണ മേഖലയിലെ സമരം അവസാനിപ്പിച്ചു
Thursday, April 21, 2016 6:04 AM IST
കുവൈത്ത്: എണ്ണ മേഖലയിലെ തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മൂന്നുദിവസമായി പണിമുടക്കിയിരുന്ന തൊഴിലാളികള്‍ ഇന്നലെ മുതല്‍ ജോലിക്കു ഹാജരായതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തോടും അമീര്‍ ഷേഖ് സബാഹിനോടുമുള്ള ബഹുമാനവും ആദരവും കാരണമാണു സമരം അവസാനിപ്പിക്കുന്നതെന്നു യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എണ്ണമേഖല ജീവനക്കാര്‍ ഞായറാഴ്ചയാണ് സമരം തുടങ്ങിയത്. വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പണിമുടക്കില്‍ സ്വദേശി ജീവനക്കാര്‍ മുഴുവന്‍ പങ്കെടുത്തിരുന്നു. പണിമുടക്ക് രാജ്യത്തെ എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും പ്രതിദിന ക്രൂഡ് ഓയില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. സമരം അവസാനിച്ചെങ്കിലും എണ്ണ ഉത്പാദനവും കയറ്റുമതിയും പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ ദിവസങ്ങളെടുക്കുമെന്നു കെപിസി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍