പ്രവാസികള്‍ക്ക് ആധിയായി വീണ്ടും കുവൈറ്റില്‍ ജല, വൈദ്യുതി നിരക്ക് വര്‍ധന നിര്‍ദേശം
Monday, April 18, 2016 5:12 AM IST
കുവൈത്ത് : രാജ്യത്തെ പ്രാവസികള്‍ക്ക് ഇരുട്ടടിയായി ജല, വൈദ്യുതി നിരക്കു വര്‍ദ്ധിപ്പിക്കുവാനുള്ള ബില്ലിനു പാര്‍ലമെന്റില്‍ പ്രാഥമിക അംഗീകാരം. ചില ഭേദഗതിയോടെയാണ് 17 നെതിരെ 31 വോട്ടുകള്‍ക്കു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. വീണ്ടും പാര്‍ലിമെന്റില്‍ അംഗീകാരത്തിനായി വരുന്ന ബില്‍ അന്തിമ അംഗീകാരം ലഭിച്ചാല്‍ അമീറിന്‍റെ അനുമതിയോട് കൂടി നിയമമാവും. വര്‍ഷങ്ങളായി നിരക്ക് വര്‍ധനയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവെങ്കിലും എണ്ണ വിലയുമായി വന്ന പുതിയ സാഹചര്യം സര്‍ക്കാരിന് ഭേദഗതിയോടെ ബില്‍ അവതരിപ്പിക്കുവാന്‍ സമ്മര്‍ദ്ദം ഒരുക്കുകയായിരുന്നു. രാജ്യത്തെ സ്വദേശികള്‍ക്ക് വലിയ ഇളവുകള്‍ നല്‍കിയും വിദേശികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ ബാധ്യതയാകുന്ന രീതിയിലാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണു വൈദ്യുതിനിരക്ക് വര്‍ധനാ ശിപാര്‍ശ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്.

സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്മെന്റ് വീടുകള്‍ (വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്റുകളും ഇതിലാണു വരിക), വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയാണ് നാലുവിഭാഗങ്ങള്‍. സ്വദേശി വീടുകള്‍ക്ക് 3,000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ്, 9,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വാടകവീടുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും 1,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, 1,000 മുതല്‍ 2,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 2,000 മുതല്‍ 3,000 കിലോവാട്ട് വരെ 10 ഫില്‍സ്, 3,000 കിലോവാട്ടിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വര്‍ധിപ്പിക്കാനാണു ശിപാര്‍ശ. വാണിജ്യസ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും 15 മുതല്‍ 25 ഫില്‍സ് വരെ വര്‍ധനയുണ്ടാവും. അനുദിനം കൂടികൊണ്ടിരിക്കുന്ന വീട് വാടകയും ആവശ്യ സാധനങ്ങളുടെ വിലയും കാരണം പൊറുതിമുട്ടിയ വിദേശികള്‍ക്ക് പുതിയ തീരുമാനം വലിയ ബാധ്യതയായിരിക്കും. ഇപ്പോള്‍ തന്നെ മേഖലയിലെ വലിയ തുക വാടകയായി നല്‍കുന്ന പ്രവാസികള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തിലായാല്‍ അവയുടെ വാടക വര്‍ധിക്കുകയാവും ഫലം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍