ന്യൂസ് ആന്‍ഡ് വ്യൂസ് ശ്രദ്ധേയമായി
Monday, April 18, 2016 5:02 AM IST
ജിദ്ദ : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ മലപ്പുറം മുനിസിപ്പല്‍ ഒഐസിസി ജിദ്ദാ കമ്മിറ്റി അവതരിപ്പിച്ച രാഷ്ട്രീയ സംവാദം 'ന്യൂസ് ആന്‍ഡ് വ്യൂസ് ഇലക്ഷന്‍ 2016' ശ്രദ്ധേയമായി.

പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ അണിനിരന്ന സംവാദം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഏറെ വ്യത്യസ്തമായി.

ചരിത്രത്തിലാദ്യമായി ഒരു തുടര്‍ ഭരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണു ആഗതമായിരിക്കുന്നതെന്ന് ഈ സംവാദം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസിയുടെ സീനിയര്‍ നേതാവ് അബ്ദുല്‍ മജീദ് നഹ പറഞ്ഞു.

തുടര്‍ ഭരണം ഉണ്ടാവുക എന്നത് ഒരു മിഥ്യാ ധാരണയാണെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നതിനു ഒരു സംശയവും വേണ്െടന്നും നവോദയക്കു വേണ്ടി സംസാരിച്ച യുവനേതാവ് വിനീഷ് കെ. വിജയന്‍ പറഞ്ഞു. അഴിമതിയെ നിസാരവല്‍ക്കരിച്ച് അതിന്റെ ആവരണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണു യുഡിഎഫും മുഖ്യമന്ത്രിയും നടത്തുന്നതെന്ന് ന്യു ഏജ് ഫോറം നേതാവ് മുഹമ്മദലി കോട്ട പറഞ്ഞു.

ഹക്കീം പാറക്കല്‍ മോഡറേറ്ററായിരുന്നു. നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമമാണു വേണ്ടതെന്ന് സംവാദം ഉപസംഹരിച്ചു സംസാരിച്ച കെ.സി. അബ്ദുറഹ്മാന്‍ പറഞ്ഞു. വികസനത്തിനു തടസം നില്‍ക്കുന്നവരേയും വര്‍ഗീയ ഫാസിസ്റ് ചിന്തകളുള്ളവരേയും മാറ്റി നിര്‍ത്തി കേരളത്തിന്റെ ഒരു നല്ല നാളേയ്ക്കു വേണ്ടി മികച്ച ഭരണകര്‍ത്താക്കളെതന്നെ തെരഞ്ഞെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പി.എം.എ ജലീല്‍, ജീവന്‍ ടിവി ജിദ്ദാ പ്രതിനിധി ബഷീര്‍ തൊട്ടിയന്‍, ഷറഫുദ്ദീന്‍ കായംകുളം, മുസ്തഫ പാലക്കാട്, വി.പി. മുസഫ, മുഹമദ് ഹനീഫ് ഇടുക്കി, സക്കീര്‍ അലി കണ്ണേത്ത്, ജിജി മോഹന്‍ പടിഞ്ഞാറ്റുമ്മുറി, ഉമര്‍ കോയ ചാലില്‍, സുനീര്‍ മോങ്ങം, മധു കണ്ണൂര്‍, യൂനുസ് മൈലപ്പുറം, യു.എം. ഹുസൈന്‍ മലപ്പുറം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

അബാസ് കൊന്നോല, അഹ്മദ് ഷാനി, ഹുസൈന്‍ തൊമ്മങ്ങാടന്‍, ടി.കെ. ബഷീര്‍ മലപ്പുറം, യാസിര്‍ നായിഫ്, നദീര്‍ മുണ്ടുപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.