ജുബൈലില്‍ വന്‍ അഗ്നി ബാധ; മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 12 മരണം
Saturday, April 16, 2016 10:31 AM IST
ജുബൈല്‍: കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായിക നഗരമായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ വന്‍ അഗ്നി ബാധ. 12 തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ മൂന്നു മലയാളികളടക്കം ഒന്‍പത് ഇന്ത്യക്കാരും മൂന്നു ഫിലിപ്പീനികളുമാണുള്ളത്. ആറു പേരുടെ നില അതീവ ഗുരുതരമാണ്. വിന്‍സെന്റ്, ബെന്നി വര്‍ഗീസ്, ഡാനിയല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മുഹമ്മദ് അശ്റഫ്, ഇബ്രാഹിം, ലിജോണ്‍, കാര്‍ത്തിക് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

പതിവ് അറ്റകുറ്റപ്പണിക്കിടെ റിയാക്ടറില്‍ തീ പിടിച്ച് ശ്വാസം മുട്ടിയാണ് തൊഴിലാളികള്‍ മരിച്ചത്. ഫാക്ടറിയിലെ ചൂളയില്‍ (ഫര്‍ണസില്‍) ജോലി ചെയ്ത 30 ഓളം പേരാണ് അപകടത്തില്‍പെട്ടത്.

രാവിലെ 11.40 ഓടെയാണ് അപകടം സംഭവിച്ചത്. ഇതില്‍ 12 തൊഴിലാളികള്‍ ശ്വാസം മുട്ടി മരിക്കുകയും താഴെ തട്ടിലുള്ളവര്‍ രക്ഷപെടുകയുമായിരുന്നു. പരിക്കേറ്റവരെ റോയല്‍ കമ്മീഷന്‍ ആശുപത്രിയിലും അല്‍മന ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ റോയല്‍ കമ്മീഷന്‍, മുവാസാത്ത്, അല്‍മന എന്നീ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം