പരുമല അന്താരാഷ്ട്ര കാന്‍സര്‍ കെയര്‍ സെന്ററിനു കുവൈത്ത് മഹാഇടവക സംഭാവന നല്‍കി
Friday, April 15, 2016 6:08 AM IST
കുവൈത്ത്: ആതുരസേവനരംഗത്ത് പുതിയ കാല്‍വയ്പുമായി മദ്ധ്യതിരുവിതാംകൂറിന് തിലകക്കുറിയായി പരുമലയില്‍ പണിപൂര്‍ത്തിയായിവരുന്ന സെന്റ് ഗ്രിഗോറിയോസ് അന്താരാഷ്ട്ര കാന്‍സര്‍ കെയര്‍ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവക ഒരുകോടി രൂപാ സംഭാവന നല്‍കി.

ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് മഹാഇടവക വികാരി ഫാ. രാജു തോമസില്‍നിന്നു മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തുക ഏറ്റുവാങ്ങി. കോല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, പരുമല ഹോസ്പിറ്റല്‍ സിഇഒ ഫാ. എം.സി. പൌലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യക്കോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള കാന്‍സര്‍ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍