ഓസ്റിന്‍ സെന്റ് തോമസ് ദേവാലയത്തിന് തറക്കല്ലിട്ടു
Friday, April 15, 2016 5:28 AM IST
ഓസ്റിന്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഓസ്റിന്‍ സെന്റ് തോമസ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മോര്‍ തീത്തോസ്, ഏപ്രില്‍ മൂന്നിനു കല്ലിടല്‍ കര്‍മം നിര്‍വഹിച്ചതോടെ തുടക്കമായി.

യാക്കോബായ സുറിയാനി സഭാ വിശ്വാസത്തില്‍ വിശുദ്ധ ആരാധന നടത്തുന്നതി നും വരും തലമുറക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളെ പകര്‍ന്നു നല്‍കുന്നതിനുമായി സമീപ വാസികളായ ഏഴു കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് 2007 ഏപ്രില്‍ 14 നു തുടക്കം കുറിച്ച ഈ ദേവാലയത്തിലെ വിശുദ്ധ ആരാധന നടത്തിയിരുന്നത് ഔവര്‍ ലേഡീസ് മാരോണൈറ്റ് കാത്തലിക് ദേവാലയ ത്തിലായിരുന്നു. വളരെ കുറച്ചു അംഗങ്ങള്‍ മാത്രമുളള ഈ ദേവാലയത്തിന് ഓസ്റിന്‍ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി സ്ഥലം വാങ്ങി ദേവാലയ നിര്‍മാണത്തിനു തുടക്കം കുറിക്കുവാന്‍ സാധ്യമായത് ദൈവത്തിന്റെ കൃപയും ഇടവകയിലേയും സമീപ ഇടവകയിലേയും വിശ്വാസികളുടെ സഹകരണവും പ്രാര്‍ഥനയും ഒന്നുകൊണ്ടു മാത്രമാണെന്ന് വികാരി ഫാ. ഡോ. സാക്ക് വര്‍ഗീസ് അറിയിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ വൈദികരും വിശ്വാസികളും സാക്ഷികളായി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ (വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) മുഖ്യ പ്രഭാഷകനായിരുന്നു.

ടെക്സസിന്റെ തലസ്ഥാന നഗരിയും പ്രമുഖ വിദ്യാഭ്യാസ കേന്ദ്രവുമായ ഓസ്റിന്‍ പട്ടണത്തിന്റെ പ്രധാന ഭാഗത്തുതന്നെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴില്‍ സഭയ്ക്ക് ഒരു ആരാധനാലയം ഉണ്ടാകുന്നുവെന്നു ളളതില്‍ ഏറെ അഭിമാനമുണ്െടന്നും കഴിവതുംവേഗം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ ദൈവം കൃപ നല്‍കട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും യല്‍ദൊ മോര്‍ തീത്തോസ് പറഞ്ഞു.

റവ. ഡോ. സാക്ക് വര്‍ഗീസ്(വികാരി), ജേക്കബ് തോമസ് (സെക്രട്ടറി), സുമിത് തോമസ് (ട്രഷറര്‍) എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റെജി പട്ടംമ്മാടി, ജിജി ഏബ്രഹാം, ടിങ്കു ഏബ്രഹാം, എന്‍.എം. തങ്കച്ചന്‍, ബില്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ ജോസ് പാലയ്ക്കാതടം (കണ്‍വീനര്‍) ജോസഫ് മുതുലത്ത്, വിനു ഏലിയാസ്, ജിജി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍