ഫിലഡല്‍ഫിയായില്‍ തെരഞ്ഞെടുപ്പു സംവാദം ഏപ്രില്‍ 30ന്
Friday, April 15, 2016 5:28 AM IST
ഫിലഡല്‍ഫിയ: സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്ത് ആസന്നമായിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിനെ കുറിച്ചുളള രാഷ്ട്രീയ സംവാദം ഏപ്രില്‍ 30നു (ശനി) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അഞ്ചുവരെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് (608 ംലഹവെ ഞഉ, ുവശഹമറലഹുവശമ, ജഅ19115) ഓഡിറ്റോറിയത്തില്‍ നടക്കും.

ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ കുറിച്ച് ഇടതു വലതു ജാതി രാഷ്ട്രീയ വീക്ഷണകോണിലൂടെ ഒരു സംവാദത്തിനു തിരികൊളുത്തുന്നത്. പ്രവാസികളുടെ മനസിലുള്ള രാഷ്ട്രീയ സാമൂഹിക അവബോധത്തിന് തന്റേതായ അഭിപ്രായങ്ങള്‍ പറയുവാനുളള ഒരു തുറന്ന വേദി സമൂഹത്തിന്റെ മുന്നില്‍ ആദ്യമായിട്ടാണ് ഫിലഡല്‍ഫിയ പ്രസ് ക്ളബ് ഒരുക്കുന്നത്.

കേരള രാഷ്ട്രീയത്തിനെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന സരിതോര്‍ജം, കൊലപാതക രാഷ്ട്രീയം, ജാതി തിരിഞ്ഞുളള വര്‍ഗീയ കോമരങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തുവാന്‍ അമേരിക്കയിലെ പൊതു സമൂഹത്തിനായി ഒരുക്കുന്ന തുറന്ന ചര്‍ച്ചയാണ് ഈ സംവാദവേദി. എക്കാലത്തും തെരഞ്ഞെടുപ്പു അടുക്കാറാകുമ്പോള്‍ പടച്ചുണ്ടാക്കുന്ന നവരാഷ്ട്രീയ പാര്‍ട്ടികളുടെ അരങ്ങേറ്റം വോട്ടു ബാങ്കുകള്‍ ലക്ഷ്യമാക്കി ഈര്‍ക്കിലി പാര്‍ട്ടികളെ തിരുകി കയറ്റിയുളള മുന്നണി സംവിധാനവും അഭിനവ ചാണക്യന്മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പും കേരളം രൂപം കൊണ്ടതിനുശേഷം മുതല്‍ മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടുകളും മുന്നണി സംവിധാനത്തിലൂടെ തിരിക്കുന്ന ഭരണ ചക്രം നാടിന്റെ വികസനത്തിനാണോ എന്നും അതിലുമുപരി പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ക്കായി ഏതു മുന്നണിയാണ് എന്നും കൂടെ നിന്നിട്ടുളളതെന്നും തലനാരിഴ കീറിയുളള ഈ സംവാദത്തിലൂടെ പൊതു സമൂഹത്തിന്റെ മുമ്പില്‍ അക്കമിട്ടു നിരത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സംവാദത്തില്‍ ദൃശ്യ മാധ്യമ മേഖലകളിലെ എല്ലാ പ്രമുഖ ചാനലുകളുടെയും പത്രങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. പാനലുകള്‍ തിരിച്ചുളള ഈ സംവാദത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുകളെയും ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്റര്‍ സ്വാഗതം ചെയ്തു.

ജോബി ജോര്‍ജ് (പ്രസിഡന്റ്) 215 470 2400, ജോര്‍ജ് ഓലിക്കല്‍ (സെക്രട്ടറി) 215 873 4365, ജീമോന്‍ ജോര്‍ജ് (ട്രഷറര്‍) 267 970 4267, സുധാ കര്‍ത്ത, വിന്‍സെന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയല്‍, ഏബ്രഹാം മാത്യു, ജിജി കോശി, ജോസ് മാളിയേക്കല്‍, അരുണ്‍ കോവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സംവാദത്തിനുളള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി അറിയിച്ചു.