റിയാദ് ട്രാവല്‍ ഫെയറിനു തുടക്കമായി
Wednesday, April 13, 2016 8:24 AM IST
റിയാദ്: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ഫൈസലിയ ഹോട്ടലിലെ പ്രിന്‍സ് സുല്‍ത്താന്‍ ഹാളിലേക്ക് ഒഴുകിയെത്തിയ ആളുകളെ സാക്ഷി നിര്‍ത്തി എട്ടാമത് റിയാദ് ട്രാവല്‍ ഫെയറിന്റെ ഉദ്ഘാടനം സൌദി കൌണ്‍സില്‍ ഓഫ് ചേംബര്‍ സെക്രട്ടറി ജനറല്‍ ഒമര്‍ ബഹലൈവ നിര്‍വഹിച്ചു.

സൌദി അറേബ്യയിലെ സുപ്രധാനമായ ഒരു ട്രാവല്‍ ഷോയായ ആര്‍ടിഎഫ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ട്രാവല്‍ ഫെയര്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയാണ്.

അന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള 250 ലധികം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 17,573 പേര്‍ സന്ദര്‍ശിച്ച കഴിഞ്ഞ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ 219 കമ്പനികളാണ് പങ്കെടുത്തത്. അസാസ് എക്സിബിഷന്‍ കമ്പനിയാണ് റിയാദ് ട്രാവല്‍ ഫെയറിന്റെ മുഖ്യ സംഘാടകര്‍.

ഇന്ത്യന്‍ ട്രാവല്‍ കമ്പനിയായ ഐടിഎല്‍ വേള്‍ഡ് ഇത്തവണ റിയാദ് ട്രാവല്‍ ഫെയറിന്റെ സില്‍വല്‍ സ്പോണ്‍സറാണ്. കൂടാതെ പഞ്ചാബില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ കമ്പനി കൂടി ഇന്ത്യയില്‍ നിന്നും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. തുര്‍ക്കി, ഖത്തര്‍, അബുദാബി, എതോപ്യ, കിര്‍ഗിസ്ഥാന്‍, ഷാര്‍ജ തുടങ്ങി വിവിധ രാജ്യങ്ങളിലെ ടൂറിസം വകുപ്പും സൌദി അറേബ്യയിലെ നിരവധി ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

ഐടിഎല്‍ വേള്‍ഡ് ട്രാവല്‍ കമ്പനിയുടെ പവലിയന്‍ സൌദി അറേബ്യയിലെ പെറു അംബാസഡര്‍ കാര്‍ലോസ് റൊഡോള്‍ഫോ സപറ്റ ഉദ്ഘാടനം ചെയ്തു. റിയാദ് ട്രാവല്‍ ഫെയറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കായി ആകര്‍ഷകമായ യാത്രാ പാക്കേജുകളും നിരവധി സമ്മാനങ്ങളും നല്‍കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍