വെടിക്കെട്ടപകടം: കുവൈത്തിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു
Monday, April 11, 2016 6:00 AM IST
കുവൈത്ത് സിറ്റി: കൊല്ലം പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണപെട്ടവരുടെ വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഉത്തരവാദപ്പെട്ടവരുടെ കരുതലില്ലയ്മയും അലംഭാവവുമാണ് സംഭാവത്തിനിടയാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് അവിടെ വെടിക്കെട്ട് നടത്തിയത്. അത്തരത്തിലൊരു നിയമവിരുദ്ധ പ്രവര്‍ത്തനം കണ്‍മുന്നില്‍ നടന്നിട്ടും അധികൃതര്‍ കാണിച്ച അനാസ്ഥയാണ് ഈ മഹാദുരന്തത്തിനു കാരണമായതെന്നും നാം തിരിച്ചറിയണം.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവരുടെ ചികിത്സക്കും ആവശ്യമായ അടിയന്തര സഹായങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് കല ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകാന്‍ പ്രവാസി കുടുംബങ്ങളടക്കമുള്ള എല്ലാവരോടും കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥനും ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദും അഭ്യര്‍ഥിച്ചു.

കൊല്ലം ജില്ല പ്രവാസി സമാജം

കുവൈത്ത്: കൊല്ലം പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ വേര്‍പാടില്‍ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകാന്‍ പ്രവാസി കുടുംബങ്ങളടക്കമുള്ള എല്ലാവരോടും കൊല്ലം ജില്ല പ്രവാസി സമാജം അഭ്യര്‍ഥിച്ചു.

വെല്‍ഫെയര്‍ കേരള കുവൈറ്റ്

കുവൈത്ത്: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തില്‍ വെല്‍ഫെയര്‍ കേരള കുവൈറ്റ് അനുശോചിച്ചു.

രാജ്യത്തെ തന്നെ നടുക്കിയ ദുരന്തത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ദുരന്തഭൂമി സന്ദര്‍ശനം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പ്രഹസനമായി മാറാതെ ദുരന്തബാധിതര്‍ക്കു സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യണമെന്ന് അനുശോചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ട്രാക്

കുവൈറ്റ്: കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ വേര്‍പാടില്‍ തൃശൂര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്) അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം.

തൃശൂര്‍ പൂരത്തിന് അപകടം ഒഴിവാക്കാനാവശ്യമായ നടപടികള്‍ ശക്തമായി തന്നെ ജില്ല സംസ്ഥാന അധികൃതരുടെ ഭാഗത്തുനിന്നു വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്നും അറിയിച്ചു.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍

കുവൈത്ത്: നൂറ്റിയൊന്‍പതു പേരുടെ മരണത്തിലും 350 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പറവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ അനുശോചിച്ചു.

മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സമാശ്വസിപ്പിക്കാനും ആവശ്യമായ ആശ്വാസ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍