ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്
Monday, April 11, 2016 5:15 AM IST
ഫ്ളോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റീജണല്‍ കാന്‍സര്‍ സെന്ററിന്റെ പീഡിയാട്രിക്ക് ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ പണികഴിപ്പിക്കുന്ന ഡയഗ്നോസ്റിക്ക് സെന്ററിന്റെ സഹായ നിധിയിലേക്ക്, സഹായ ഹസ്തവുമായി ഹോളിവുഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേര്‍ന്ന കമ്മിറ്റി മീറ്റിംഗില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിനും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസിനും, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ഡോ: ജോയി പൈങ്ങോലില്‍ ഇടവകയുടെ സഹായം കൈമാറി.

മീറ്റിംഗില്‍ ഇടവക മനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ഫോമ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും, ഫോമായുടെ ഇനിയുമുള്ള ഇത്തരം ജനോപകാരപരമായ പരിപാടികള്‍ക്ക് തുടര്‍ന്നും ഇടവകയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നു ജോയി അച്ചന്‍ പറഞ്ഞു. ഇടവക സെക്രട്ടറി ജിസിക്ക ഗീവര്‍ഗീസ്, മറിയാമ്മ പൈങ്ങോലില്‍, വര്‍ക്കി പൈങ്ങോലില്‍, ഏലിയാസ് പി. എ., സി. ഡി. ജോസഫ്, ജോര്‍ജ് ഗീവര്‍ഗീസ്, നിധീഷ് മാത്യൂ എന്നിവര്‍ പങ്കെടുത്തു.

ആര്‍.സി.സി. പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും, അതിന് അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന പിന്‍തുണയെക്കുറിച്ചും ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്