ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം
Saturday, April 9, 2016 5:43 AM IST
ഡാളസ്: ബുദ്ധി മാന്ദ്യം ബാധിച്ചു സമുഹത്തിന്റെ നേര്‍രേഖയില്‍ നിന്നും അവഗണിക്കപ്പെട്ട ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ലളിതകലാ അക്കാദമിയില്‍ നടക്കുന്നു.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വഹിച്ചു. സാമുഹ്യ സാംസ്കാരിക കലാപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പൊതുജീവിതത്തില്‍ നിന്നും അവഗണിക്കപ്പെട്ടവരെ ഓര്‍മിക്കുവാനും സഹായിക്കുവാനും അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്യന്‍ പറഞ്ഞു.

ഡാളസ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കായി നല്‍കുന്ന സഹായങ്ങളുടെ നിരയില്‍ പുതിയ വെളിച്ചം പകരുന്നതുമാണെന്ന് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ രാജു ചാമത്തില്‍ അഭിപ്രായപ്പെട്ടു.

പട്ടാമ്പിയിലെ കൊപ്പത്തു പ്രവര്‍ത്തിക്കുന്ന അഭയം അന്തേവാസികള്‍ക്കുവേണ്ടി നടത്തിയ ദ്വൈദിന ചിത്രകലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത അമ്പതില്‍പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി.ജി. ശ്രീനിവാസന്‍, ശ്രീജ പള്ളം എന്നിവരാണ് ക്യാമ്പിനു നേതൃത്വം നല്‍കിയത്. പ്രദര്‍ശനത്തില്‍ നിന്നും ലഭ്യമാകുന്ന തുക അന്തേവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

അഭയം ഡയറക്ടര്‍ പി. കൃഷ്ണന്‍, സാമൂഹ്യപ്രവര്‍ത്തകയും എഴത്തുകാരിയുമായ പ്രഭ ഉണ്ണി, എഴുത്തുകാരനായ അഷ്ടമുര്‍ത്തി, ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു, സിനിമ പ്രവര്‍ത്തകരായ എം.ജി.ശശി, കലവൂര്‍ രവികുമാര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ടി.എന്‍. ജോയി, മ്യൂറല്‍ പെയിന്റിംഗ് കേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.