കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഫോമ കണ്‍വന്‍ഷനില്‍
Saturday, April 9, 2016 5:43 AM IST
ഫോമ മലയാളി കണ്‍വന്‍ഷന്റെ ഗ്രാന്റ് സ്പോണ്‍സറായി ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എത്തുന്നു.

ആഗോളതലത്തില്‍ വ്യാപാര ശൃംഖലകള്‍ ഉള്ളതും പ്രധാനമായും നിര്‍മാണം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യോമയാനം, അന്തര്‍ദേശീയ വ്യാപാരം എന്നിങ്ങനെ നിരവധി മേഖലകളില്‍ സേവനം നടത്തുന്ന ഇന്ത്യയിലെ മികച്ച ബിസിനസ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ്. ഗേറ്റഡ് കമ്യൂണിറ്റീസ്, വില്ലകള്‍ അപ്പാര്‍ട്ടുമെന്റുകള്‍, കോമേഴ്സ്യല്‍ ടവറുകള്‍, മാളുകള്‍, ടെക്നോളജി ടവറുകള്‍ എന്നിങ്ങനെ 132 വിവിധ നിര്‍മാണ പദ്ധതികള്‍ ആണ് ഈ ഗ്രൂപ്പ് ഏറ്റെടുത്തു നടത്തിയിട്ടുള്ളത്. കന്നടയിലേയും മലയാളത്തിലേയും ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മാതാക്കളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ബംഗളൂരുവില്‍ മൂന്നു സ്കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യ രംഗത്തും ഗോള്‍ഫിംഗിലും വ്യോമയാനരംഗത്തും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നടന്നുവരുന്നു. ഐസിസി ട്വിന്റി-20 ശ്രീലങ്കന്‍ ടീമിന്റെ ഗ്രാന്റ് സ്പോണ്‍സറാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്.

അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സഹകരണത്തിനുള്ള ഒരു സ്നേഹോപഹാരമായാണ് ഫോമ കണ്‍വന്‍ഷന്റെ ഗ്രാന്റ് സ്പോണ്‍സര്‍ഷിപ്പ് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയി അറിയിച്ചു. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് ആര്‍സിസി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ അറിയിക്കുന്നതിനോടൊപ്പം അമേരിക്കന്‍ മലയാളികളുടെ എല്ലാവിധ സഹകരണവും തുടര്‍ന്നും അഭ്യര്‍ഥിക്കുന്നതായും ഡോ. സി.ജെ. റോയ് പറഞ്ഞു.

ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കണക്ട് എന്ന സ്ഥാപനമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ഫോമയുടെ സ്പോണ്‍സറായി എത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത്. മീഡിയ കണക്ട് സിഇഒ ആനി ലിബു, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വാഡ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ റോയിയുടെ സാന്നിധ്യം കണ്‍വന്‍ഷനില്‍ ഉണ്ടാകുമെന്ന് ആനി ലിബു ഫോമ ഭാരവാഹികളെ അറിയിച്ചു.

കണ്‍വെന്‍ഷന്റെ പുരോഗതിയും പ്രവര്‍ത്തനങ്ങളും ആനന്ദന്‍ നിരവേല്‍,വില്‍സണ്‍ പാലത്തിങ്കല്‍, ഷാജി എഡ്വാഡ്, സ്റാന്‍ലി കളത്തില്‍, ജോയ്അന്റണി, ജെഫ്രിന്‍ ജോസ്, കണ്‍വെന്‍ഷന്‍ ചെയര്‍മ്മാന്‍ മാത്യൂ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജു തോമസ് പന്തളം