ഹൂസ്റണ്‍ എക്യുമെനിക്കല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്: ഇമ്മാനുവല്‍ മാര്‍ത്തോമ ടീം ജേതാക്കള്‍
Friday, April 8, 2016 6:04 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ടീം ജേതാക്കളായി.

ഏപ്രില്‍ രണ്ട്, മൂന്ന് (ശനി, ഞായര്‍) തീയതികളില്‍ ട്രിനിറ്റി സെന്റര്‍ സ്പോര്‍ട്സ് ഫെസിലിറ്റിയില്‍ നടന്ന മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ടീമിനെ 41നെതിരെ 43 പോയിന്റുകള്‍ നേടിയാണ് ഇമ്മാനുവല്‍ മാര്‍ത്തോമ ടീം ജേതാക്കളായത്.

ഇമ്മാനുവല്‍ ടീമിലെ ജിക്കി കുരുവിള എംവിപി ട്രോഫി കരസ്ഥമാക്കിയപ്പോള്‍, സെന്റ് ജോസഫിലെ ലാന്‍സ് ജോസഫ് ടൂര്‍ണമെന്റ് എംവിപി ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പോയിറ്റ് ഷൂട്ട് ഔട്ടില്‍ സെന്റ് ഗ്രിഗോറിയോസ് ടീമിലെ നിതിന്‍ മാത്യു ഒന്നാം സ്ഥാനവും ഇമ്മാനുവലിന്റെ ഷെര്‍വിന്‍ ഉമ്മന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൂസ്റണിലെ 10 ഇടവകകളില്‍നിന്നുള്ള 13 ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. 18 ഇടവകകളില്‍നിന്നുള്ള കായിക പ്രേമികളായ നൂറുകണക്കിനു യുവാക്കളുടെ സാന്നിധ്യം എടുത്തുപറയത്തക്കതായിരുന്നു.

വിജയികള്‍ക്കുള്ള ഇ.വി. ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി റെജി കോട്ടയവും റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിംഗ് ട്രോഫി എക്യുമെനിക്കല്‍ കമ്മിറ്റിയും സംഭാവന നല്‍കി

എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റും ടൂര്‍ണമെന്റ് കണ്‍വീനറുമായ ഫാ. ഏബ്രഹാം സഖറിയ, സെക്രട്ടറി ഡോ. അന്ന കെ. ഫിലിപ്പ്, ട്രഷറര്‍ റോബിന്‍ ഫിലിപ്പ്, സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാരായ റെജി കോട്ടയം, എബി മാത്യു, ട്രിനിറ്റി മാര്‍ത്തോമ വികാരി റവ. കൊച്ചുകോശി ഏബ്രഹാം, അസി. വികാരി റവ. മാത്യൂസ് ഫിലിപ്പ്, ട്രസ്റി ഷാജിമോന്‍ ഇടിക്കുള, ട്രിനിറ്റി സ്പോര്‍ട്സ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്, അലക്സ് പാപ്പച്ചന്‍, റോയി തീയാടിക്കല്‍, ടിറ്റി സൈമണ്‍, സെറീന ജോര്‍ജ്, ആന്‍ഡ്രൂ പാപ്പച്ചന്‍, ആഷ്ലി ജോര്‍ജ്, സോഫിയ ജോര്‍ജ് തുടങ്ങി 15ല്‍പരം യൂത്ത് ഫെലോഷിപ്പ് പ്രവര്‍ത്തകരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തിന്റെ ചുമതലയിലുള്ള ട്രിനിറ്റി സെന്റര്‍ സ്പോര്‍ട്സ് ഫെസിലിറ്റിയില്‍ നടന്ന ആദ്യ ടൂര്‍ണമെന്റാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി