ഷിക്കാഗോ രൂപത പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, April 7, 2016 8:13 AM IST
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ഏപ്രില്‍ ഒമ്പതിനു (ശനി) നടക്കുന്ന രൂപത പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപത ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിനു വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് പാസ്ററല്‍ കൌണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം.

2015-16 വര്‍ഷങ്ങളിലേക്കായി രൂപീകൃതമായിരിക്കുന്ന ഇപ്പോഴത്തെ പാസ്ററല്‍ കൌണ്‍സിലിന്റെ രണ്ടാമത്തെ ഈ സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളില്‍നിന്നുമായി അമ്പത് (50) പ്രതിനിധികള്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. കാനഡയിലെ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ് മെത്രാന്‍ മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളില്‍ പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കും. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ രൂപതയുടെ മുന്നോട്ടുള്ള യാത്രയില്‍ അജപാലന രംഗത്ത് കൂടുതല്‍ ഉണര്‍വും ദിശാബോധവും നല്‍കുവാന്‍ കാരണമാകും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം