ബംഗളൂരുവിലെ നഴ്സിംഗ് സ്കൂളിനു ബെയ്ലര്‍ യൂണിവേഴ്സിറ്റിയുടെ ഗ്രാന്റ്
Thursday, April 7, 2016 6:12 AM IST
ഡാളസ്: ബെയ്ലര്‍ യൂണിവേഴ്സിറ്റി ഹരിംഗ്ടണ്‍ നഴ്സിംഗ് സ്കൂളിന് ഗ്രാന്റായി ലഭിച്ച 652, 800 ഡോളര്‍ ബാംഗളൂരുവിലുള്ള എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ നഴ്സിംഗ് എക്സലന്‍സിനു നാലു നിലകളുള്ള കെട്ടിടനിര്‍മാണത്തിനായി നല്‍കുമെന്നു ബെയ്ലര്‍ സ്ക്കോട്ട് ആന്‍ഡ് വൈറ്റ് ഹെല്‍ത്ത് പ്രതിനിധികള്‍ അറിയിച്ചു.

നഴ്സിംഗ് പരിശീലനത്തിനായി 40 വിദ്യാര്‍ഥികള്‍ക്ക് താമസസൌകര്യവും മെച്ചപ്പെട്ട നഴ്സിംഗ് വിദ്യാഭ്യാസവും നല്‍കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുമെന്നു ബാംഗളൂരു ബാപ്റ്റിസ്റ് ഹോസ്പിറ്റല്‍ സിഇഒ നവീന്‍ തോമസ് പറഞ്ഞു. ഇതൊടൊപ്പം ആധുനിക യന്ത്രസാമഗ്രികളും ഫര്‍ണിച്ചറുകളും നല്‍കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

യുണൈറ്റഡ് സ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍ നാഷണല്‍ ഡവലപ്മെന്റ്സ് ഓഫീസ് ഓഫ് അമേരിക്കന്‍ സ്കൂള്‍സ് ആന്റ് ഹോസ്പിറ്റല്‍സാണ് ഗ്രാന്റ് അനുവദിച്ചത്.

ഇത്രയും തുക സംഭാവന നല്‍കുക വഴി ബാംഗളൂരുവിലെ നഴ്സിംഗ് വിദ്യാഭ്യാസരംഗത്തു ചെറിയ ഒരു ചലനം സൃഷ്ടിക്കുവാന്‍ സാധിച്ചുവെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരായി എന്നാണ് ഫെയ്ത്ത് ഇന്‍ ആക്ഷന്‍ ഇനിഷേറ്റീവ് ഡയറക്ടര്‍ ഡൊണാള്‍ഡ് സ്വല്‍ പറഞ്ഞത്. ബെയ്ലര്‍ ഹെല്‍ത്ത് സര്‍വീസ് ചെയ്യുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഒരു ചെറിയൊരു ഭാഗം കൂടിയാണിതെന്ന് സ്വല്‍ കൂട്ടിചേര്‍ത്തു.

ആരോഗ്യസംരക്ഷണ രംഗത്ത് ബെയ്ലര്‍ ഹെല്‍ത്ത് സര്‍വീസസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് ബെയ്ലറില്‍ സേവനമനുഷ്ഠിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍