ലോംഗ് ഐലന്‍ഡ് ഇടവക ബ്രോങ്ക്സ് ഫൊറോന ദേവാലയത്തിലേക്കു തീര്‍ഥാടനം നടത്തി
Thursday, April 7, 2016 6:10 AM IST
ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭ 2016 കരുണയുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഷിക്കാഗോ സീറോ മലബാര്‍ രൂപത, അമേരിക്കയിലെ ഒമ്പത് ദേവാലയങ്ങളെ തീര്‍ഥാടന കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുകയും പ്രസ്തുത പള്ളികളില്‍ കരുണയുടെ വാതില്‍ സ്ഥാപിക്കുകയും ചെയ്തു.

രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഓരോ ഇടവകയിലേയും വിശ്വാസിസമൂഹം തങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പള്ളിയിലേക്കു കരുണയുടെ വര്‍ഷത്തില്‍ തീര്‍ഥാടനം നടത്തേണ്ടതാണ്. അതനുസരിച്ച്, ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് ഇടവക ഏപ്രില്‍ രണ്ടിനു നോര്‍ത്ത് ഈസ്റ് റീജണിലെ തീര്‍ഥാടനകേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ബ്രോങ്ക്സ് ഫൊറോന പള്ളിയിലേക്കു തീര്‍ഥാടനം നടത്തുകയും ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന കരുണയുടെ വാതില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

സെന്റ് മേരീസ് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സന്റെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന വിശ്വാസികളെ ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കന്‍ എന്നിവര്‍ ചേര്‍ന്ന് ദേവാലയ കവാടത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. ലിഗോറി ജോണ്‍സന്‍, ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ സമൂഹബലിയും നടന്നു.

പൌരോഹിത്വത്തിന്റെ 45-ാമത് വാര്‍ഷികം ആഘോഷിക്കുന്ന ഫാ. ജോസ് കണ്ടത്തിക്കുടിയെ തദവസരത്തില്‍ ലോംഗ് ഐലന്‍ഡ് ഇടവക ആദരിച്ചു.

ചടങ്ങുകള്‍ക്ക് ലോംഗ് ഐലന്റ് ഇടവക കൈക്കാരന്മാരായ റോയി മൈലാടൂര്‍, ജയിംസ് ചാക്കോ, വിന്‍സന്റ്, ബ്രോങ്ക്സ് ഇടവക കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലറക്കല്‍, സഖറിയാസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി