ലിബിയയില്‍ മലയാളിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
Tuesday, April 5, 2016 6:56 AM IST
ട്രിപ്പോളി: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ മലയാളിയായ ഐടി ഉദ്യോഗസ്ഥനേയും സംഘത്തെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ നാട്ടില്‍ അറിയിച്ചു.

കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെയും സംഘത്തെയുമാണ് തട്ടിക്കൊണ്ടുപോയത്. സിആര്‍എ (സിവിലിയന്‍ രജിസ്ട്രേഷന്‍ അഥോറിറ്റി) യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിക്കാരനാണ് റെജി. ഏതാനും ദിവസം മുമ്പ് ഈ സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നതായും പറയുന്നു. ഇവരെ ഒരാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയതാണെന്നാണ് അറിയുന്നത്.

എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഇദ്ദേഹം സുരക്ഷിതനാണെന്നും ട്രിപ്പോളിയിലെ ജോലി സ്ഥലത്തുനിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നുമാണു ബന്ധുക്കള്‍ക്കുലഭിച്ചിരിക്കുന്ന വിവരം.

കഴിഞ്ഞ രണ്ടു വര്‍ഷമായി ലിബിയയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന റെജി കുടുംബത്തോടൊപ്പം ട്രിപ്പോളിയിലാണു താമസം. ഭാര്യ നഴ്സാണ്. മൂന്നു മക്കളുണ്ട്്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍