കമ്യൂണിറ്റി സ്കൂള്‍ ഭരണഘടന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ ബോര്‍ഡിനോട് ആവശ്യപ്പെടും: സുനില്‍ ജയിന്‍
Tuesday, April 5, 2016 6:12 AM IST
കുവൈത്ത്: ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വത്തായ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന്റെ ഭരണഘടന സ്കൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനു ഭരണസമിതിയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍. ഭരണസമിതിക്കെതിരെ വിവിധ കോണുകളില്‍നിന്നു നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിവിധ പ്രശ്നങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി സന്ദര്‍ശനം നടത്തിയ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രതിനിധി സംഘത്തോടാണു സ്ഥാനപതി ഈ ഉറപ്പു നല്‍കിയത്.

ഉടന്‍തന്നെ സ്കൂള്‍ അധികൃതരെ ബന്ധപ്പെടാന്‍ സെക്രട്ടറിക്കു നിര്‍ദേശവും നല്‍കുകയായിരുന്നു. നിലവിലെ ഭരണസമിതി പിരിച്ചു വിട്ടു എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനും ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമാക്കി പരിമിതപ്പെടുത്തുന്നതിനും നടപടി ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു.

കുവൈത്തിലെ ഇന്ത്യക്കാരായ അക്കൌണ്ടിംഗ് പ്രഫഷണലുകളെ ഉപയോഗപ്പെടുത്തി എംബസി മേല്‍നോട്ടത്തില്‍ സ്കൂളിന്റെ കണക്കുകള്‍ സ്വതന്ത്ര ഓഡിറ്റിനു വിധേയമാക്കണം. സ്കൂളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും യൂണിഫോം പുസ്തകങ്ങള്‍ തുടങ്ങിയ സേവനങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കുത്തകയായി കൊടുക്കുന്നത് നിര്‍ത്തുകയും ടെന്‍ഡര്‍ ക്ഷണിച്ചു സുതാര്യമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും വേണം. സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ക്കും പ്രാപ്യമാകും വിധം കമ്യൂണിറ്റി സ്കൂളിന്റെ ഫീസ് ഘടന പരിഷ്കരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും സ്ഥാനപതിയോട് ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍, വൈസ് പ്രസിഡന്റുമാരായ അനിയന്‍കുഞ്ഞ്, മിനി വേണുഗോപാല്‍, അന്‍വര്‍ സയിദ്, ജനറല്‍ സെക്രട്ടറിമാരായ ലായിക് അഹമ്മദ്, പി.ജി. സനോജ്, സെക്രട്ടറി റസീന മുഹിയിദ്ദീന്‍, പിആര്‍ കണ്‍വീനര്‍ പ്രവീണ്‍ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണു സ്ഥാനപതിയെ സന്ദര്‍ശിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍