അമാസ്ക് യുഎഇ പ്രീമിയര്‍ ലീഗ്: റിലയന്‍സ് എഫ്സി ജേതാക്കള്‍
Monday, April 4, 2016 8:08 AM IST
ദുബായി: ഖിസൈസ് കോര്‍ണര്‍ ഫുട്ബോള്‍ സ്റേഡിയത്തില്‍ നടന്ന രണ്ടാമത് അമാസ്ക് യുഎഇ പ്രീമിയര്‍ ലീഗില്‍ റിലയന്‍സ് എഫ്സി ജേതാക്കളായി. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സാഫ്കോ എമിറേറ്റ്സിനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യ സെമിയില്‍ സാഫ്കോ എമിറേറ്റ്സ് യുണൈറ്റഡ് സികെ യേയും റിലയന്‍സ് എഫ്സി റെഡ് ആന്‍ഡ് ബ്ളാക്ക് എഫ്സിയെയും പരാജപ്പെടുത്തി. അഞ്ചു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ നാട്ടില്‍ നിന്നും മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും വന്ന കളിക്കാര്‍ കാണികളുടെ മനം കവര്‍ന്നു. ചെറിയ ചാറ്റല്‍ മഴ കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമായി.

കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം.അബാസ് ഉദ്ഘാടനം ചെയ്തു. അമാസ്ക് യുഎഇ ചെയര്‍മാന്‍ ഉമ്മര്‍പാണലം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊപ്പല്‍ അബ്ദുള്ള, മാസ് ഷാര്‍ജ മുന്‍ സെക്രട്ടറി മാധവന്‍ പാടി, കെഎംസിസി നേതാവ് മുനീര്‍ ചെര്‍ക്കള, വെയ്ക്കപ്പ് ചെയര്‍മാന്‍ അസീസ് കോപ്പ, യുവ എഴുത്തുകാരന്‍ സ്കാനിയ ബദിര, എസ്എംടി ഡയറക്ടര്‍ ശഫീക്ക്, അഷ്റഫ് യേനപ്പോയ, സന്തോഷ് നഗര്‍ അമാസ്കിന്റെ ട്രഷറര്‍ മുഹമ്മദ് കപ്പാട്, സി.കെ. ഹനീഫ എന്നിവര്‍ സംസാരിച്ചു. പി.എം. ഖലീല്‍ ടൂര്‍ണമെന്റിന്റെ താരമായി. വിജയികള്‍ക്കുള്ള ട്രോഫി യുഎഇ അമാസ്ക് ചെയര്‍മാന്‍ ഉമ്മര്‍പാണലം സമ്മാനിച്ചു. കണ്‍വീനര്‍ മുനീര്‍ എസിഎസ്, ട്രഷറര്‍ ഹനീഫ മുംബൈ എന്നിവര്‍ പ്രസംഗിച്ചു.