ഇന്ത്യയും സൌദിയും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
Monday, April 4, 2016 5:55 AM IST
റിയാദ്: രണ്ടു ദിവസത്തെ സൌദി സന്ദര്‍ശനത്തിനായി റിയാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു.

ഇരുരാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ ഭീകരപ്രവര്‍ത്തനം തടയുന്നതിനും കള്ളപ്പണവേട്ടയ്ക്കുമായി പരസ്പര സഹകരണം ഉറപ്പാക്കുന്നതാണ് ഇതിലെ പ്രധാന കരാര്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം കള്ളപ്പണമായി എത്തിച്ചു കൊടുക്കുന്ന കേന്ദ്രങ്ങളെ വേരോടെ പിഴുതെറിയാന്‍ ഈ കരാറിലൂടെ ഇരുരാജ്യങ്ങള്‍ക്കും സാധിക്കുമെന്ന് കരാര്‍ ഒപ്പുവച്ച ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

തൊഴില്‍ സഹകരണം ഉറപ്പാക്കുന്ന കരാറും നിക്ഷേപ മേഖലയിലെ സഹകരണത്തിനായുള്ള കരാറും കരകൌശല ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായുള്ള കരാറിലും ഇരു നേതാക്കളും ഒപ്പുവച്ചവയില്‍പ്പെടുന്നു.

ഇന്ത്യയും സൌദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ തന്റെ ഈ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ശനിയാഴ്ച വാഷിംഗ്ടണില്‍ നിന്നും റിയാദിലെത്തിയ പ്രധാനമന്ത്രിക്ക് ഞായറാഴ്ച ഏറെ തിരക്കു പിടിച്ചതായിരുന്നു. രാവിലെ ടാറ്റാ കണ്‍സല്‍ട്ടന്‍സിയുടെ സൌദി വനിതാ ഐടി വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രം മോദി സന്ദര്‍ശിച്ചു. സൌദി വനിതകളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ മോദി ഇന്ത്യന്‍ വനിതകളുടെ ക്ഷേമത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടു. തന്റെ മൊബൈല്‍ ആപ്ളിക്കേഷനായ നരേന്ദ്ര മോദി എന്ന പേരിലുള്ള ആപ്പ് എല്ലാവരും തങ്ങളുടെ മൊബൈലുകളിലേക്ക് ഡൌണ്‍ലോഡ് ചെയ്യണമെന്നും ഇന്ത്യന്‍ വനിതകളോട് പറയാനുള്ള കാര്യങ്ങള്‍ അതിലൂടെ എന്നെ അറിയിക്കണമെന്നും മോദി പറഞ്ഞു.

ഞായറാഴ്ച സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ റോയല്‍ കോര്‍ട്ടില്‍ ഔദ്യോഗിക വരവേല്‍പ്പും നരേന്ദ്ര മോദിക്കായി ഒരുക്കിയിരുന്നു. സൌദി കൌണ്‍സില്‍ ഓഫ് ചേംബറില്‍ സൌദി ബിസിനസ് ഫോറത്തിലും നരേന്ദ്ര മോദി പങ്കെടുത്തു. സല്‍മാന്‍ രാജാവിന്റെ കൊട്ടാരത്തില്‍ ഉച്ചയൂണില്‍ പങ്കെടുത്ത നരേന്ദ്ര മോദി പിന്നീട് രാജാവും കിരീടാവകാശിയും ഉപകിരീടാവകാശിയും മറ്റു മന്ത്രിമാരുമായും ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. വൈകുന്നേരം ഏഴോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍