'കൈനറ്റിക് 2016' പ്രദര്‍ശനമേള സമാപിച്ചു
Monday, April 4, 2016 5:54 AM IST
കുവൈത്ത്: കുവൈത്ത് എന്‍ജിനിയേഴ്സ് ഫോറം (കെഇഎഫ്) സംഘടിപ്പിച്ച 'കൈനറ്റിക് 2016' സാങ്കേതിക പ്രദര്‍ശനവും സെമിനാറുകളും ഇന്ത്യ-കുവൈത്ത് സാങ്കേതിക മേഖലയില്‍ പുതിയൊരധ്യായത്തിനു തുടക്കമായി.

റാഡിസന്‍ ബ്ളൂ ഹോട്ടലില്‍ നടന്ന പൊതുപരിപാടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജം, പൊതു ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരണത്തിനു സാധ്യതയുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മെട്രോ റെയില്‍ രംഗത്ത് ഇന്ത്യന്‍ സാങ്കേതിക വിദ്യയും വിദഗ്ധരേയും ഉപയോഗിക്കുവാന്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ കുവൈത്ത് സഹകരണത്തിന്റെ സുവര്‍ണ കാലമായിരുന്നുവെന്നും സുനില്‍ ജയിന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുനടന്ന വിവധ സെഷനുകളിലായി ഇരുപത്തിരണ്േടാളം പ്രബന്ധങ്ങള്‍ അവതരിക്കപ്പെട്ടു.

കെഇഎഫ് പ്രസിഡന്റ് കെ.വി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെഎന്‍പിസി ഡപ്യൂട്ടി സിഇഒ മുതലക് റാഷിദ്, നാസര്‍ അല്‍ ആസ്മി, കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്സ് ഡയറക്ടര്‍ അബ്ദുള്ള മറാഫി, ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്സ് മുന്‍ ഡയറക്ടര്‍ ഡോ. ഗംഗന്‍ പ്രതാപ്, ഡോ. മുരളി തുക്കാരക്കുടി, കുവൈത്ത് ആസൂത്രണ വിഭാഗം ഡയറക്ടര്‍ മൌസൂസ് എച്ച്. അഷ്കാനാനി, കൈനറ്റിക് 2016 ജനറല്‍ കന്‍വീനര്‍ ജേക്കബ് പാരേട്ട്, ടെക്നിക്കല്‍ കമ്മിറ്റി കന്‍വീനര്‍ ജേക്കബ് തോമസ് എന്നിവര്‍ സംസാരിച്ചു.

കുവൈത്തിലെ പ്രമുഖരായ പത്തോളം കമ്പനികള്‍ പവിലിയനുകള്‍ ഒരുക്കിയ പ്രദര്‍ശന മേളയില്‍ കുവൈത്തിലെ നിരവധി മന്ത്രാലയങ്ങളുടെയും യൂണിവേഴ്സിറ്റി, കോളജ് അധ്യാപക വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍