കല കുവൈറ്റ് ധനസഹായം കൈമാറി
Monday, April 4, 2016 5:53 AM IST
കുവൈത്ത് സിറ്റി: പക്ഷാഘാതം സംഭവിച്ച് വലതുഭാഗം തളര്‍ന്നു നാട്ടിലേയ്ക്കു മടങ്ങിയ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ജോണ്‍സണ്‍ ജോസഫിനെ സഹായിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടേയും സുമനസുകളായ വ്യക്തികളുടേയും സഹായത്തോടെ സമാഹരിച്ച സഹായധനം അദ്ദേഹത്തിന്റെ കുടുംബത്തിനു കൈമാറി.

ശനിയാഴ്ച രാത്രി കുവൈറ്റ് എയര്‍വേയ്സ് വിമാനത്തില്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ ചികിത്സക്കായി അദ്ദേഹം ഇപ്പോള്‍ എറണാകുളം ലിസി ആശുപത്രിയിലാണുള്ളത്.
ചടങ്ങില്‍ സിപിഎം കൊച്ചി ഏരിയ സെക്രട്ടറി കെ.ജെ. മാക്സി ജോണ്‍സന്റെ ഭാര്യ മേരി ജോണ്‍സനു തുകയായ 3,71,000 രൂപ കൈമാറി. സിപിഎം ഫോര്‍ട്ട് കൊച്ചി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അബാസ്, രാമചന്ദ്രന്‍ (ദേശാഭിമാനി), കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ. സൈജു, കല കുവൈറ്റ് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജോയുടെ സഹോദരന്മാരായ ജോജോ, ജോണ്‍ എന്നിവരും ജോണ്‍സന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മാസം ആദ്യം അദ്ദേഹത്തെ കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളം ആശുപത്രി ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും കല കുവൈറ്റ് പ്രവര്‍ത്തകരുടേയും പരിചരണത്തിലായിരുന്നു അദ്ദേഹം. നാട്ടില്‍ രോഗാതുരയായ അമ്മയും വിദ്യാര്‍ഥികളായ രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കുവൈത്തില്‍ ചെറിയ ജോലികള്‍ ചെയ്തു വന്ന ജോണ്‍സന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്നും ജോണ്‍സനെ സഹായിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് മേരിജോണ്‍സണ്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക്, ഫോര്‍ട്ട് കൊച്ചി ബ്രാഞ്ച്, അക്കൌണ്ട് നമ്പര്‍ 0148053000105698 എന്ന അക്കൌണ്ടില്‍ സഹായം എത്തിക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍