'സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മോദി തയാറാവണം'
Saturday, April 2, 2016 6:13 AM IST
റിയാദ്: അസഹിഷ്ണുതയും സാമുദായിക ധ്രുവീകരണങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭരണഘടന അനുശാസിക്കുന്ന മത ന്യൂനപക്ഷങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും സ്വാതന്ത്യ്രവും ഉറപ്പുവരുത്തി ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസങ്ങളില്ലാതെ സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്ന് ബത്ഹ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരും നേതാക്കളും സ്വീകരിച്ച സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ജനാധിപത്യ മതേതര തത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് രാജ്യത്തെ വരേണ്യ ഫാസിസത്തിനു തീറെഴുതിക്കൊടുക്കുന്ന നിലപാടുകളില്‍ നിന്നും മോദി പിന്മാറണം. മാനവികതയുടെ മഹിത സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകത്തെ വിവിധ രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ജാതിമത ചിന്തകള്‍ക്കതീതമായി കാരുണ്യത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്ത സൌദി അറേബ്യയില്‍ നിന്നും സഹിഷ്ണുതയുടെ ഉദാത്ത മാതൃകകള്‍ ഉള്‍ക്കൊള്ളാന്‍ മോദി തയാറാവണമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ബത്ഹ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ശനോജ് അരീക്കോട് അധ്യക്ഷത വഹിച്ചു. 'പ്രായോഗിക സമീപനം' ആര്‍ഐസിസി ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഷരീഫും 'കര്‍മനിരതരായി മുന്നോട്ട്' ദഅവ വിംഗ് ചെയര്‍മാന്‍ റാഫി സ്വലാഹിയും അവതരിപ്പിച്ചു. ബത്ഹ ഇസ്ലാഹി സെന്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് നൌഷാദ് പെരിങ്ങോട്ടുകരയുടെ നേതൃത്വത്തില്‍ നടന്ന വിവിധ വകുപ്പു ചര്‍ച്ചകളില്‍ യാസര്‍ അറഫാത്ത്, സമീര്‍ കല്ലായി, എ.കെ. അബ്ദുല്‍ മജീദ്, നൌഫല്‍ പീടിയേക്കല്‍, റിയാസ് ചൂരിയോട്, ശാഹിര്‍ കൊളപ്പുറം, മഅറൂഫ് മുല്ലശേരി, ജാഫര്‍ പൊന്നാനി, അബ്ദുള്ള വടകര, സാദിഖ് പുളിക്കല്‍, അബ്ദുല്‍ ജലാല്‍ വിളത്തൂര്‍, ആസിഫ് നിലമ്പൂര്‍, നൂറുദ്ദീന്‍ തളിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. ആര്‍ഐസിസി ഏരിയ ഓര്‍ഗനൈസര്‍ നബീല്‍ പയ്യോളി, സെക്രട്ടറി ബഷീര്‍ കുപ്പോടന്‍, മുനീര്‍ പപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.