നിതാഖത്ത്: സൌദിയില്‍ ലിമോസിന്‍ ഡ്രൈവര്‍ വീസകളും നിര്‍ത്തലാക്കി
Saturday, April 2, 2016 5:49 AM IST
കൊണ്േടാട്ടി: നിതാഖത്തിന്റെ ഭാഗമായി സൌദിയില്‍ വിദേശികള്‍ നടത്തുന്ന മൊബൈല്‍ ഷോപ്പുകള്‍ക്കു പിറകെ ലിമോസിന്‍ ഡ്രൈവര്‍ വീസകളും നിര്‍ത്തലാക്കി. മലയാളികളടക്കം ഏറെ പേര്‍ ജോലിചെയ്യുന്ന ലിമോസിന്‍ ഡ്രൈവര്‍ തസ്തികയിലേക്കുള്ള വീസകള്‍ നിര്‍ത്തലാക്കി പകരം ഈ മേഖലയിലും തദ്ദേശിയരെ നിയമിക്കാനാണു തീരുമാനം.

ഹൌസ് ഡ്രൈവര്‍, ലിമോസിന്‍ കമ്പനികള്‍ ആവശ്യപ്പെടുന്ന ഡ്രൈവര്‍മാര്‍ എന്നിവയ്ക്ക് ആവശ്യത്തിനു വീസ ലഭിച്ചിരുന്നു. ഇതില്‍ ലിമോസിന്‍ കമ്പനികള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതോടെ നല്‍കിയിരുന്ന ഡ്രൈവര്‍ വീസകളാണ് സൌദി നിര്‍ത്തലാക്കിയത്. സാധാരണ ലിമോസിന്‍ കമ്പനികളാണു സൌദിയില്‍ ഡ്രൈവര്‍ വീസ തേടാറുളളത്. എന്നാല്‍, കമ്പനികള്‍ക്ക് ഇനി വീസ നല്‍കില്ല. ഇത്തരം കമ്പനികളുടെ പേരില്‍ പുതിയ കാറുകള്‍ രജിസ്റര്‍ ചെയ്യുന്നതും സൌദിവത്കരണ വ്യവസ്ഥകള്‍ക്കു ബാധകമായിരിക്കും. നിശ്ചിത ശതമാനം സൌദിവത്കരണം നടപ്പിലാക്കിയിട്ടുണ്െടന്ന് ഉറപ്പു വരുത്തിയാകും കമ്പനികള്‍ക്കു പുതിയ കരാറുകള്‍ രജിസ്റര്‍ ചെയ്യാനുളള നടപടിയുണ്ടാവുക. ഇതിനു പുറമെ റെന്റ് എ കാര്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

സൌദിയിലെ നഗരങ്ങള്‍ക്കിടയിലും വിദേശങ്ങളിലേക്കും യാത്രാ സേവനം, ഇവിടങ്ങളിലേക്കുളള ചരക്കുനീക്കം, നഗരങ്ങള്‍ക്കുളളിലെ ചരക്കുനീക്കം, നഗരങ്ങള്‍ക്കകത്ത് യാത്രാ സേവനം എന്നിങ്ങനെ ഗതാഗത മേഖലയിലെ പ്രവര്‍ത്തനങ്ങളെ നാലായി തരംതിരിച്ചാണു സൌദിവത്കരണത്തിന്റെ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മലയാളികളായ നിരവധി പേര്‍ തൊഴില്‍ ചെയ്യുന്നതും വീസകള്‍ ലഭിക്കുന്നതുമായ മേഖല കൂടി നിതാഖത്തിന്റെ പരിധിയില്‍ വരുന്നത് പ്രവാസികള്‍ക്കു വന്‍ തിരിച്ചടിയാണ്. ആദ്യ കാലത്ത് ഉയര്‍ന്ന ജോലികളിലായിരുന്നു സൌദിവത്ക്കരണം. എന്നാല്‍, സാധാരണക്കാരുടെ മേഖലയായ ഡ്രൈവര്‍ വീസകളിലടക്കം സൌദി നിതാഖത്ത് ഏര്‍പ്പെടുത്തുകയാണിപ്പോള്‍. സൌദിയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികള്‍ നടത്തുന്ന മൊബൈല്‍ കടകള്‍ക്ക് ഉത്പ്പന്നങ്ങള്‍ കടമായി നല്‍കുന്നതു മൊത്ത വിതരണ കമ്പനികള്‍ നിര്‍ത്തലാക്കി.

വിദേശികള്‍ ഏതു സമയത്തും സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നു മുന്‍കൂട്ടി കണ്ടുകൊണ്ടാണു കടം നല്‍കുന്നതു നിര്‍ത്തിയത്. മൊബൈല്‍ ഫോണുകളും അനുബന്ധ ഉത്പ്പന്നങ്ങളും നേരിട്ടു പണം നല്‍കുന്നവര്‍ക്കു മാത്രമാണു നല്‍കുന്നത്. ഇതോടെ മലയാളികളടക്കം ഇതില്‍നിന്നു പിന്‍വാങ്ങിത്തുടങ്ങി. മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സൌദിവത്കരണം നടപ്പാക്കാനാണു പദ്ധതി. ഇതിന്റെ ഭാഗമായി സൌദി യുവതീ യുവാക്കള്‍ക്കു തൊഴില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ ആയിരത്തിലേറെ കടകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി തൊഴില്‍ നിയമ ലംഘകരെയാണു പിടികൂടിയിട്ടുള്ളത്.