പ്രകൃതിയിലേക്കു മടങ്ങുക, രോഗങ്ങളെ അകറ്റുക: ഡോ. പി.എ. കരീം
Saturday, April 2, 2016 5:05 AM IST
ജിദ്ദ: പ്രകൃതിയോടു പുറംതിരിഞ്ഞു നില്‍ക്കുന്നതാണു മനുഷ്യനെ നിത്യരോഗിയാക്കിയതെന്നു പ്രസിദ്ധ പ്രകൃതി ചികിത്സകന്‍ ഡോ. പി.എ. കരീം പറഞ്ഞു. പ്രകൃതിയിലേക്കു ചേര്‍ന്നുനിന്നു ഭക്ഷണവും ജീവിത ശൈലിയും അല്‍പാല്‍പ്പം മാറ്റാനായാല്‍ മനുഷ്യന് രോഗാവസ്ഥയില്‍നിന്നു പതിയെ മുക്തി ലഭിക്കുമെന്നും 'ഉറവ'സംഘടിപ്പിച്ച സദസില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

പൂച്ചയ്ക്കും നായയ്ക്കും പനി വരുന്നില്ല. ഒരു പശുവിനും ഇതുവരെ മുട്ടുവേദന വന്നിട്ടില്ല. ഒരു ഇഴ ജന്തുവിനും നട്ടെല്ല് തേയ്മാനം വന്നിട്ടില്ല. മനുഷ്യനുമാത്രം എന്തുകൊണ്ടു രോഗങ്ങള്‍ വരുന്നു എന്നു പഠനവിധേയമാക്കിയ അമേരിക്കക്കാരനായ ഡോ. ജെന്നിസ് ആണു ആധുനിക പ്രകൃതിചികിത്സയുടെ സ്ഥാപകന്‍. രാവിലത്തെയും വൈകുന്നേരത്തെയും വെയില്‍കൊള്ളുന്നത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താനും രോഗം വരാതിരിക്കാനും അത്യാവശ്യമാണ്. എന്നാല്‍ കറുത്തു പോകുമെന്നു പറഞ്ഞു കുട്ടികളെ നാം വെയില്‍ കൊള്ളിക്കുന്നില്ലെന്നു ഡോ. കരീം പറഞ്ഞു. കൃത്രിമ ആഹാരം കൊടുത്തു കുട്ടികളെ തടിപ്പിക്കരുതെന്നു അദ്ദേഹം പറഞ്ഞു. അങ്ങനെ തടിക്കുന്ന കുട്ടികള്‍ ബുദ്ധിയില്ലാത്തവരാകും. ഫ്ളാറ്റില്‍ ജീവിക്കുന്ന മനുഷ്യര്‍ ഉറങ്ങുമ്പോള്‍ മാത്രം എസി ഉപയോഗിക്കുക. അല്ലാത്തപ്പോള്‍ ജനലുകള്‍ തുറന്നു വെയില്‍കൊള്ളുകയും വിയര്‍ക്കുകയും വേണം.

ഫ്ളാറ്റു ജീവിതവും ഫാസ്റ് ഫുഡുമാണു മനുഷ്യനെ രോഗികളാക്കുന്നത്. മാര്‍ക്കറ്റില്‍ കിട്ടുന്ന മിക്ക പൊടികളും വിഷം കലര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെയില്‍ കൊള്ളാതെയും ശുദ്ധവായു കിട്ടാതെയും ഫ്ളാറ്റില്‍ ജീവിക്കുന്ന പൂച്ചയ്ക്കും നായ്ക്കള്‍ക്കും രോഗം വരുന്നതും ചികിത്സ വേണ്ടി വരുന്നതും വേറൊന്നും കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഡോ. ശ്രീജിത ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍