സൌദിയില്‍ ഓരോ 70 മിനിറ്റിലും റോഡപകടം മൂലം ഒരാള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്
Saturday, April 2, 2016 5:04 AM IST
ദമാം: സൌദിയില്‍ ഓരോ 70 മിനിറ്റിലും റോഡപകടം മൂലം ഒരാള്‍ മരിക്കുന്നതായി കിഴക്കന്‍ പ്രവിശ്യ ട്രാഫിക് സുരക്ഷാ സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ 6 മാസത്തിനിടെ ഉണ്ടായ റോഡപടകങ്ങളില്‍ 1234 പേരാണു മരിച്ചത്. ഇവിടെ റോഡപകടത്തില്‍പ്പെട്ട വിദേശികളില്‍ രണ്ടാം സ്ഥാനത്തുള്ളവര്‍ ഇന്ത്യക്കാരാണ്. അപകടങ്ങളില്‍പ്പെട്ട വിദേശികളില്‍ കൂടുതല്‍ പേരും പാകിസ്ഥാനികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരും തൊട്ടു പിന്നില്‍ ഈജിപ്റ്റുകാരുമാണ്.

ദിവസം 21 പേരുടെ ജീവനാണു സൌദിയിലെ നിരത്തുകളില്‍ പൊലിയുന്നത്. റോഡപകടം മൂലം വര്‍ഷത്തില്‍ 7800 പേരാണു സൌദിയില്‍ മരിക്കുന്നത്.

വാഹനങ്ങളെ മറികടക്കല്‍, അമിത വേഗം, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ എന്നിവയാണ് 60 ശതമാനം റോഡപകടങ്ങള്‍ക്കും കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റോഡപകടം മൂലം മരിക്കുന്നവരില്‍ കൂടുതല്‍ പേരുടേയും ശരാശരി പ്രായം 16 മുതല്‍ 40 വയസു വരെയാണ്. അപകടങ്ങളില്‍പ്പെട്ട 60 ശമതാനം പേരും മുപ്പത് വയസില്‍ താഴെയുള്ളവരാണ്.

സൌദിയിലെ ആശുപത്രികളില്‍ കിടന്നു ചികിത്സിക്കുന്നവരില്‍ മുപ്പതു ശതമാനം പേരും റോഡപകടം മൂലം പരിക്കേറ്റവരാണെന്നും ട്രാഫിക് സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം