ഫിലഡല്‍ഫിയായില്‍ യാത്രയയപ്പു സമ്മേളനവും സ്വീകരണവും ഏപ്രില്‍ ഒന്നിന്
Friday, April 1, 2016 4:54 AM IST
ഫിലഡല്‍ഫിയ: ഏഴുവര്‍ഷക്കാലം നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയ്ക്ക് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം യാത്രയയപ്പു നല്‍കുന്നു. ഭദ്രാസന കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ പുതുതായി ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്ന ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പയ്ക്കു സ്വാഗതവും നേരും.

ഏപ്രില്‍ ഒന്നിനു (വെള്ളി) ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ദേവാലയത്തില്‍ വൈകുന്നേരം ഏഴിനാണ് പരിപാടികള്‍. ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നായി വൈദികര്‍, ഭദ്രാസന കൌണ്‍സില്‍, അസംബ്ളി അംഗങ്ങള്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സഭയുടെ സ്ഥലംമാറ്റ ക്രമീകരണമനുസരിച്ച് മുംബൈ ഭദ്രാസനത്തിന്റെ ചുമതലയിലേക്ക് പോകുന്ന തിയഡോഷ്യസിനു എല്ലാവിധ യാത്രാമംഗളങ്ങളും നേര്‍ന്നുകൊണ്ട് വൈദിക പ്രതിനിധി കൌണ്‍സില്‍, അത്മായ പ്രതിനിധികള്‍ എന്നിവരോടൊപ്പം പോഷകസംഘടനകളായ സണ്‍ഡേ സ്കൂള്‍, യൂത്ത് ഗ്രൂപ്പ്, യുവജനസഖ്യം, ഇടവക മിഷന്‍, സേവികാസംഘം എന്നിവയുടെ പ്രതിനിധികളും സംസാരിക്കും.

ഐസക് മാര്‍ പീലക്സിനോസ് ചെന്നൈ-ബംഗളൂരു ഭദ്രാസനത്തില്‍ നിന്നുമാണ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ ബിനോയ് ജെ. തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം