ദുബായി വിമാനത്താവളം ഉപയോഗിക്കാന്‍ ഇനി അധികഫീസ് നല്‍കണം
Friday, April 1, 2016 4:02 AM IST
ദുബായി: ദുബായി വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാര്‍ ഇനി 35 ദിര്‍ഹം അടയ്ക്കണം. ദുബായി രാജകുമാരനും എക്സിക്യൂട്ടീവ് കൌണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തും ഇതു സംബന്ധിച്ച വിജ്ഞാപനം അംഗീകരിച്ചു. ഇതുപ്രകാരം ദുബായിലെ വിമാനത്താവളങ്ങള്‍ വഴി യുഎഇ വിടുന്നവര്‍ ഈ തുക നല്‍കണം. വിമാനത്താവളത്തിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള തുകയാണിത്.

ദുബായി വിമാനത്താവളങ്ങളില്‍ നിന്നു പുറപ്പെടുന്ന എയര്‍ലൈനുകള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം ഈ തുകയും വാങ്ങാം. ഈ തുക പിന്നീട് ദുബായി വിമാനത്താവളങ്ങളിലേക്കും തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിലേക്കും മാറ്റും. അധികമായി വാങ്ങുന്ന തുക ദുബായി വിമാനത്താവളത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവും ഉപയോഗിക്കുക. 2023 ഓടെ 100 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും വിധമുള്ള വികസനമാണ് വിമാനത്താവളത്തില്‍ ഉദ്ദേശിക്കുന്നത്.