എച്ച്ഐവി രോഗിയില്‍നിന്നുള്ള കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി
Thursday, March 31, 2016 6:19 AM IST
ഹൂസ്റണ്‍: എച്ച്ഐവി ബാധിതനില്‍ നിന്നും ലഭിച്ച ലിവറും കിഡ്നിയും മറ്റൊരു എച്ച്ഐവി രോഗിയില്‍ വച്ചു പിടിപ്പിച്ച അമേരിക്കയിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് ശസ്ത്രക്രിയ വിഭാഗം ഡോക്ടര്‍ ഡോറി എല്‍ സെഗവ് വെളിപ്പെടുത്തി.

ഇരുപത്തിയഞ്ചു വര്‍ഷമായി എച്ച്ഐവി രോഗികളില്‍ നിന്നുള്ള അവയവങ്ങള്‍ സ്വീകരിക്കുന്നത് വിലക്കികൊണ്ടുള്ള നിയമം 2013 ല്‍ പാസാക്കിയ ഓര്‍ഗന്‍ പോളിസി ഇക്വിറ്റി ആക്ട് ഇതോടെ ഇല്ലാതായി. എച്ച്ഐവി രോഗികളില്‍ നിന്നും അവയവം സ്വീകരിച്ചു മറ്റു എച്ച്ഐവി രോഗികളില്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള അനുമതി ജോണ്‍ ഹോപ്കിന്‍സിനു ജനുവരിയിലാണ് ലഭിച്ചത്. ഇതേതുടര്‍ന്നു നടന്ന നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇതിനു മുമ്പു സൌത്ത് ആഫ്രിക്കയിലാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്.

വര്‍ഷത്തില്‍ ഏകദേശം 600 എച്ച്ഐവി രോഗികള്‍ അവയവദാനത്തിനു തയാറാണെന്ന് സമ്മതപത്രം നല്‍കിയിട്ടും നിയമം അനുവദിക്കാത്തതിനാല്‍ ഉപയോഗിക്കുവാന്‍ കഴിയാതെ മരണത്തിനു കീഴ്പ്പെടുന്നുണ്ട്. ഇവരുടെ അവയവങ്ങള്‍ ആവശ്യക്കാരായ ആയിരം എച്ച്ഐവി രോഗികള്‍ക്കു പുതിയ ജീവിതം നല്‍കാനുപകരിക്കുമെന്ന് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടി. അമേരിക്കയില്‍ ഏകദേശം 1,22,000 പേര്‍ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ദാതാക്കളെ പ്രതീക്ഷിച്ചു കഴിയുന്നതായും ജോണ്‍ ഹോപ്കിന്‍സ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍