യൂത്ത് ഇന്ത്യ മക്ക ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു
Thursday, March 31, 2016 6:18 AM IST
മക്ക: സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സാമ്പത്തിക അച്ചടക്കത്തിലൂടെ നേരിടണമെന്നു 'പ്രവാസിയും, സാമ്പത്തിക ആസൂത്രണവും' എന്ന വിഷയത്തില്‍ യൂത്ത് ഇന്ത്യ മക്ക ചാപ്റ്റര്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു.

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (ഇകഏക) സീനിയര്‍ കൌണ്‍സിലര്‍ സാജിദ് പാറക്കല്‍ വിഷയമവതരിപ്പിച്ചു. സ്വദേശിവത്കരണവും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിടിവും കാരണം സൌദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ചെറുതും വലുതുമായ എല്ലാ മേഖലകളിലും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തെ അതിജീവിക്കുന്നതിനായി പ്രവാസികള്‍ അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികള്‍ വിശദീകരിച്ചു. ജോലി നഷ്ടപ്പെടുന്നതും അപ്രതീക്ഷിതമായി നാട്ടില്‍ പോകേണ്ടിവരുന്നതുമായ അവസ്ഥകളെ എങ്ങനെ നേരിടാം എന്നതായിരുന്നു സെമിനാറിന്റെ ഉള്ളടക്കം.

ഒന്നിലധികം സാമ്പത്തിക സ്രോതസുകള്‍ കണ്െടത്തിയും ദൈനംദിന ചെലവുകളില്‍ നിയന്ത്രണം വരുത്തിയും നിലവിലെ വരുമാനത്തില്‍ നിന്നും കഴിയുന്നത്ര സമ്പാദ്യമാക്കി നീക്കിവച്ചും വരും ദിവസങ്ങളെ അച്ചടക്കത്തോടെ നേരിടാന്‍ പ്രവാസി സമൂഹം തയാറാവണമെന്നും സാജിദ് പാറക്കല്‍ പറഞ്ഞു.

മക്ക ശിഫ അല്‍ ബറക ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

യൂത്ത് ഇന്ത്യ മക്ക ചാപ്റ്റര്‍ പ്രസിഡന്റ് സഫീര്‍ അലി മഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫായിസ് കുറ്റിപ്പുറം സംസാരിച്ചു. മുഹമ്മദ് മുനീര്‍ വേങ്ങര ഖിറാഅത്ത് നടത്തി.