റിയല്‍ കേരളക്ക് രണ്ടാം കിരീടം; ജിദ്ദയിലെ ഫുട്ബോള്‍ മാമാങ്കത്തിനു കൊടിയിറങ്ങി
Thursday, March 31, 2016 6:17 AM IST
ജിദ്ദ: അഞ്ചര മാസമായി ജിദ്ദയില്‍ നടന്നു വരുന്ന സിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എ ഡിവിഷനില്‍ താരപ്രഭയാല്‍ നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് ഷറഫിയ ട്രേഡിംഗ് സബീന്‍ എഫ്സിയെ തകര്‍ത്ത് ടിഎസ്എസ് റിയല്‍ കേരള ചാമ്പ്യന്‍മാരായി.

എതിരാളികളുടെ ശക്തിക്കനുസരിച്ചു തന്ത്രം മെനഞ്ഞ റിയല്‍ കേരള കോച്ചിനും തന്ത്രം കളിക്കളത്തില്‍ സമര്‍ഥമായി നടപ്പില്‍ വരുത്തിയ റിയല്‍ കേരള കളിക്കാര്‍ക്കും നൂറില്‍ നൂറുമാര്‍ക്ക്. സീനിയര്‍ സ്റേറ്റ് താരങ്ങളായ സുഹൈറിനേയും സബീന്‍ എഫ്സിയുടെ പ്ളേമേക്കര്‍ ജിജോ തോമസിനേയും ആഷിഖ് ഉസമാനേയും റിയല്‍ കേരളക്കാര്‍ സമര്‍ഥമായി പൂട്ടി. ആദ്യ മിനിട്ടു മുതല്‍ ആക്രമിച്ചുകളിക്കുക, സബീന്‍ എഫ്സിയുടെ ആക്രമണങ്ങളെ മധ്യനിരയില്‍തന്നെ മുനയോടിക്കുക എന്ന തന്ത്രമാണ് റിയല്‍കേരള പയറ്റിയത്. മറുഭാഗത്ത് ടീം ലൈനപ്പില്‍ തന്നെ സബീന്‍ എഫ്സി കോച്ചിനു പിഴച്ചു. മികച്ച ഫോമിലുള്ള സ്ട്രൈക്കര്‍ സിറാജിനെ പുറത്തിരുത്തിയതിനു അവര്‍ വലിയ വില നല്‍കേണ്ടിയും വന്നു. ടൂര്‍ണമെന്റില്‍ ഒരിക്കല്‍പോലും ഫോമിലേക്കുയരാത്ത ഡൈസന്‍ ദേവദാസിനു മുഴുവന്‍ സമയം അവസരം കൊടുത്തതും പിഴച്ചു. രണ്ടാംപകുതിയില്‍ സഫീറിനുപകരം സിറാജ് വന്നതോടെ ആക്രമണ ശൈലിയില്‍ മാറ്റംവന്നെങ്കിലും അപ്പോഴേക്ക് റിയല്‍ കേരള കളിയില്‍ വ്യക്തമായ ആധിപത്യം നേടികഴിഞ്ഞിരുന്നു. ആദ്യ പകുതിയില്‍ പതിനെട്ടാം മിനിട്ടില്‍ സ്റോപ്പര്‍ ബാക്ക് മുഹമദ് മര്‍സൂഖാണ് റിയല്‍ കേരളക്കുവേണ്ടി ആദ്യ വെടിപൊട്ടിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് മര്‍സൂഖ് മനോഹരമായി ഹെഡ് ചെയ്ത് കീപ്പര്‍ സലാമിന്റെ തലയ്ക്കുമുകളിലൂടെ പോസ്റിലേക്ക് തിരിച്ചു വിട്ടപ്പോള്‍ സബീന്‍ എഫ്സിയുടെ ഗോള്‍കീപ്പര്‍ സലാം തീര്‍ത്തും നിസഹായനായിരുന്നു, തുടര്‍ന്നു സബീന്‍ എഫ്സിയുടെ ആഷിഖ് ഉസ്മാന്റെയും സുഹൈറിന്റെയും മുന്നേറ്റങ്ങള്‍ ഉജ്ജ്വലഫോമില്‍ വല കാത്ത ഷുഹൈബിന്റെ മുന്നില്‍ പരാജയപെട്ടു.

രണ്ടാംപകുതിയില്‍ ഗോള്‍മടക്കാന്‍ ഇറങ്ങിയ സബീന്‍ എഫ്സി ടോട്ടല്‍ ഫുട്ബോള്‍ പുറത്തെടുത്തപ്പോള്‍ ഗോള്‍മടങ്ങുമെന്നു കരുതിയെങ്കിലും മര്‍സൂഖും നായകന്‍ അഷറഫും ഗോളടി വീരന്‍ വിംഗ്ബാക്ക് ഫഹദ് സുല്‍ഫിയും ഉറച്ചു നിന്നതോടെ ശ്രമങ്ങളെല്ലാം വിഫലമായി. ഇതിനിടയില്‍ മുഹമ്മദ് മുഹാദു രണ്ടാംഗോള്‍ നേടി. ഇതിനിടയില്‍ റിയല്‍ കേരളയുടെ സിറാജും മുഹമദ് മര്‍സൂഖും ചുവപ്പ്കാര്‍ഡ്കണ്ടു പുറത്തായതോടെ സബീന്‍ എഫ്സി പത്തുപേരുമായും റിയല്‍കേരള ഒമ്പതുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്.

ഇരുപത്തിയെട്ടാം മിനിട്ടില്‍ ജംഷീദ് പട്ടിക പൂര്‍തിയാക്കി. റിയല്‍ കേരള നിരയില്‍ ഒരാള്‍ കുറഞ്ഞത് മുതലാക്കാന്‍ സബീന്‍ എഫ്സിയുടെ പ്രതിരോധനിരക്കാര്‍ ഒന്നടങ്കം റിയല്‍ കേരളയുടെ ഏരിയയിലേക്ക് ആക്രമിച്ചുകയറിയ സന്ദര്‍ഭത്തില്‍ നായകന്‍ അഷറഫ് നല്‍കിയ പാസ് ജിംഷാദ് പിഴവൊന്നും കൂടാതെ വലയിലാക്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍