ഫ്ളോറിഡ സെന്റ് മേരീസ് ദേവാലയം പത്താമത് വാര്‍ഷികാഘോഷ നിറവില്‍
Thursday, March 31, 2016 6:16 AM IST
ഫ്ളോറിഡ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഫ്ലോറിഡ സെന്റ് മേരീസ് ജാക്കോബൈറ്റ് ദേവാലയത്തിന്റെ പത്താമത് സ്ഥാപക വര്‍ഷം സമുചിതമായി ആഘോഷിന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ദേവാലയത്തിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മോര്‍ തിത്തോസ് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് ഇടവകയുടെ ചരിത്രം ഉള്‍ക്കൊളളിച്ചു കൊണ്ടുളള സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിനും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ക്ളേശങ്ങളാല്‍ കഷ്ടപ്പെടുന്ന സിറിയയിലെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനുളള ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കുന്നതിനും തീരുമാനിച്ചു. സുവനീര്‍ പ്രസിദ്ധീകരണ കമ്മിറ്റിയംഗങ്ങളായി ഡോ. ജോണ്‍ തോമസ് (ചീഫ് എഡിറ്റര്‍), ഡീ. ജോഷ് തോമസ്, ജോളി പൈലി, ജോര്‍ജ് മാലിയില്‍, സൂസന്‍ ചെറിയാന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഇടവകയുടെ ആത്മീകവും ഭൌതീകവുമായ പുരോഗതിക്കും ഉന്നമനത്തിനുമായി നിസ്വാര്‍ഥ സേവനം നടത്തിയ മുന്‍ വികാരിമാരായ ഫാ. ജോര്‍ജ് ഏബ്രഹാം, ഫാ. ഷിബു ഏബ്രഹാം, ഫാ. സജി കുര്യാക്കോസ്, ഫാ. ബിനു തോമസ്, ഫാ. വര്‍ഗീസ് പുതുശേരി എന്നിവരേയും മുന്‍ ഭരണ സമിതിയംഗങ്ങളേയും പ്രത്യേകം സ്മരിക്കുന്നതായി വികാരി ഫാ. പി. സി. കുര്യാക്കോസ് പറഞ്ഞു.

ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തന പരിപാടികളില്‍ ഈ ദേവാലയം നല്‍കി വരുന്ന എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തു ന്നതോടൊപ്പം ഇടവകയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സര്‍വശക്തനായ ദൈവം കൃപയേകട്ടെയെന്ന് ആശംസിക്കുന്നതായും യല്‍ദോ മാര്‍ തീത്തോസ് ആമുഖ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍