'മീറ്റ് ദി കാന്‍ഡിഡേറ്റ്' ഏപ്രില്‍ ഒമ്പതിന്
Wednesday, March 30, 2016 6:24 AM IST
ഫിലഡല്‍ഫിയ: ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ 2016-18 കാലയളവിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി മുഖാമുഖം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ ഒമ്പതിനു ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞു മൂന്നിന് 'മീറ്റ് ദി കാന്‍ഡിഡേറ്റ്' എന്ന പരിപാടിക്ക് (ഒഎന്‍വി നഗര്‍) വേദി ഒരുങ്ങുന്നത്. ഇതില്‍ പങ്കെടുക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഫോമയുടെ പ്രവര്‍ത്തകരുമായി സംവദിക്കുവാനും ആശയങ്ങള്‍ പങ്കു വയ്ക്കുവാനും സംഘാടകര്‍ അവസരം ഒരുക്കുന്നു.

വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളം ചാനലുകളും മറ്റു പ്രമുഖ അച്ചടി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും ട്രൈസ്റേറ്റില്‍ നിന്നുള്ള ഫോമയുടെ ഇലക്ഷന്‍ ഡെലിഗേറ്റുമാരും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.

ചടങ്ങിലേക്ക് എല്ലാ സംഘടനാ പ്രവര്‍ത്തകരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: യോഹന്നാന്‍ ശങ്കരത്തില്‍ 2157780162

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള